
ഗീതാദര്‍ശനം - 249
Posted on: 31 May 2009
അക്ഷരബ്രഹ്മയോഗം
യം യം വാപി സ്മരന്‍ ഭാവം
ത്യജത്യന്ത്യേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തത്ഭാവഭാവിതഃ
ഹേ അര്‍ജുനാ, അവസാനകാലത്ത് ഏതേതു ഭാവത്തെ സ്മരിച്ചുകൊണ്ടാണോ ദേഹത്തെ ഉപേക്ഷിക്കുന്നത്, എപ്പോഴും അതേപ്പറ്റിയുള്ള ഭാവന ഹേതുവായി, അതതുതന്നെ ആയിത്തീരുന്നു.
പ്രപഞ്ചസംവിധാനത്തിലെ അനിവാര്യമായ അനുസ്യൂതിയാണ് ഇതിലെ യുക്തി. എന്തിന്റെയെങ്കിലും തുടര്‍ച്ചയായല്ലാതെ ഒന്നും ഉണ്ടാകുക വയ്യ. പ്രത്യക്ഷത്തില്‍ അറ്റുപോകുന്നതായി തോന്നാമെങ്കിലും ഒന്നിനും മുന്‍പിന്‍തുടര്‍ച്ചയില്ലാതിരിക്കയില്ല. കാരണം, എല്ലാം കരണ-പ്രതികരണങ്ങളുടെ ചങ്ങലയിലെ കണ്ണികളാണ്. ഈ ചങ്ങലയുടെ തുടക്കവും ഒടുക്കവും പരമാത്മാവാണ്. ജീവന്‍ എന്നത് പരമാത്മചൈതന്യം തന്നെയായതിനാല്‍ അതിനു സ്വന്തം തുടര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം പ്രകടമാകുന്നത് ഇച്ഛയായാണ്. അതിനാലാണ് 'യദ് ഭാവഃ തദ് ഭവതി' (മനോഗതി എപ്രകാരമോ അങ്ങനെയായി ഭവിക്കും) എന്നു പറയുന്നത്. ദ്വന്ദ്വാത്മകമാണ് ജഗത്ത്. വൈരുധ്യാത്മകവുമാണത്. എന്തിലും രണ്ടു ഭാവങ്ങള്‍ പങ്കാളികളാണെന്നര്‍ഥം. ഒന്ന് പരമാത്മസായൂജ്യത്തോട് അഭിമുഖം, മറ്റേത് എതിര്‍ദിശയിലും. ചാഞ്ഞേടത്തേക്കേ വളരൂ. പക്ഷേ, ആഭിമുഖ്യത്തെ വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ഇച്ഛകൊണ്ട് നിയന്ത്രിക്കാം.
ഈ വളവുകള്‍ ജീവനില്‍ എങ്ങനെ മുദ്രിതമാകുന്നുവെന്ന അറിവ് അടുത്തകാലം വരെ ജീവശാസ്ത്രത്തില്‍ ഇല്ലായിരുന്നു. ജീവന്‍ ഒരു രൂപനിര്‍മാണക്ഷേത്രമാണെന്ന് (morphogenetic field) ധരിച്ചാല്‍ കാര്യം എളുപ്പമായി. ഒരു സമതുലിത തരംഗമായി (Standing wave) അവ്യക്തമാധ്യമത്തില്‍ നിലനില്‍ക്കുന്ന ബ്ലൂപ്രിന്റ് എന്ന് അതിനെ (ജീവാത്മാവിനെ അഥവാ രൂപനിര്‍മാണക്ഷേത്രത്തെ) പറയാം. ഓരോ ജീവന്റെയും ദിശാമുഖം നിശ്ചയിക്കുന്നത് അതില്‍ അന്തര്‍ഭവിച്ച ചോദനകളാണ്. ആ ചോദനകള്‍ തൊട്ടുമുന്‍പത്തെ 'അവതാര'ത്തില്‍ ഭേദഗതി ചെയ്യപ്പെട്ടതാണ്.
ഇപ്പോഴേ തിരുത്തുക എന്നാണ് ഗീതയുടെ ഉപദേശം. അതാണ് ശരിയായ പരിണാമം. അതിനുള്ള കഴിവും ത്വരയും നല്‍കുന്നതും പരമാത്മാവാണ്. അഥവാ ഒരു ജീവിതകാലംകൊണ്ട് ആ തിരുത്ത് മുഴുവനാകാതെവന്നാല്‍ അവസാനനിമിഷത്തില്‍ നിര്‍ണായകമായ ഒരു ഇടപെടലിന് സാധ്യതയുണ്ട്. പ്രാണക്രിയകളിലൂടെയാണ് ജീവന്‍ ശരീരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ആ ബന്ധം അവസാനിക്കുന്ന ഘട്ടത്തില്‍ പരിണാമത്തിന്റെ വിത്ത് അന്തഃകരണത്തിന്റെ (ഇച്ഛയുടെ) സര്‍വശക്തിയുമുപയോഗിച്ച് ഊന്നി രൂപനിര്‍മാണക്ഷേത്രത്തില്‍ പരമാവധി ആഴത്തില്‍ നടാം. ആ വിത്ത് വീണതില്‍പ്പിന്നെ, മറ്റൊരു ശരീരം നിര്‍മിച്ചെടുക്കപ്പെടുംവരെ, മറ്റൊരു വിത്തും വീഴാനില്ലാത്തതിനാല്‍ കളകളുണ്ടാവില്ല. (ഇപ്പോള്‍ പാരാസൈക്കോളജിയുടെയും സൈക്കോബയോളജിയുടെയും പിന്‍ബലത്തോടെ ഈ വിഷയത്തെ സമീപിക്കേണ്ടതില്ല. ജീവശാസ്ത്രംതന്നെ മതിയായ താങ്ങായിരിക്കുന്നു.)
പക്ഷേ, അവിവേകികള്‍ ആയുഷ്‌കാലം ഉടനീളവും രാഗാദികള്‍ക്ക് അടിമപ്പെട്ട് മുഴുവന്‍ സമയവും ചെലവഴിക്കുന്നു. അത്തരം ആളുകള്‍ക്ക് മരണസമയത്ത് ഈ നില കൈക്കൊള്ളാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട്:
(തുടരും)





