
ഗീതാദര്‍ശനം - 248
Posted on: 29 May 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
അന്തകാലേ ച മാമേവ
സ്മരന്‍ മുക്ത്വാ കളേബരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ
ആരാണോ അവസാനസമയത്തും എന്നെത്തന്നെ സ്മരിച്ചുകൊണ്ട് ദേഹത്തില്‍ നിന്ന് (ഇന്ദ്രിയമനോബുദ്ധികളില്‍ നിന്ന്) മുക്തനാകുന്നത് അവന്‍ എന്നില്‍ ലയിക്കുന്നു. അതില്‍ സംശയമില്ല.
അന്തകാലമെന്നതുകൊണ്ട് മരണസമയത്തെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് കരുതാന്‍ വയ്യ. മോചനമാര്‍ഗം തെളിഞ്ഞാലും ദേഹിക്ക് ശരീരത്തിന്റെ സ്വാഭാവികാന്ത്യം വരെ ആ 'പുര'ത്തില്‍ വസിക്കാം. കര്‍മാനുഷ്ഠാനം ചെയ്യാം. അതാണ് സര്‍വോത്തമമായ ജീവിതം. അഥവാ, അത്രയും സാധിച്ചില്ലെങ്കില്‍ വേണ്ട, മരണസമയത്തെങ്കിലും പരമാത്മസ്മരണ ഉണ്ടായാല്‍ മോചനം സാധിക്കാമെന്നും അര്‍ഥമെടുക്കാം. പക്ഷേ, മരിക്കുംവരെ എന്തു തോന്നിവാസവും കാണിച്ച് അവസാനം മരിക്കുന്നതിന് തൊട്ടുമുന്‍പ് ഈശ്വരനെ സ്മരിച്ച് അങ്ങു പോയാല്‍ മതി എന്നല്ല സാരം. കാരണം, അത്തരം ഒരാള്‍ക്ക് മരണസമയത്ത് മനസ്സില്‍ നിര്‍ത്താവുന്നൊരു കാര്യമല്ല പരമാത്മസ്മരണ. മുന്‍പേയുള്ള അഭ്യാസവും വൈരാഗ്യവും കൊണ്ടല്ലാതെ പൊടുന്നനെ ഈ സ്മരണയില്‍ നിലയുറപ്പിക്കാന്‍ കഴിയില്ല.
എങ്ങനെയുള്ള 'എന്നെ'യാണ് സ്മരിക്കേണ്ടതെന്ന് പറഞ്ഞതിന്റെ തുടര്‍ച്ചയാണല്ലൊ ഇത്. എല്ലാമാണ് ഞാന്‍. നാശമില്ലാത്തതും സര്‍വശ്രേഷ്ഠവുമാണ്. അതുതന്നെയാണ് ആത്മാവായി ശരീരത്തില്‍ ഇരിക്കുന്നത്. പരമാത്മാവ് എല്ലാ കര്‍മവും യജ്ഞമായി അനുഷ്ഠിക്കുന്നു. അതുപോലിരിക്കണം നമ്മുടെയും കര്‍മസങ്കല്പം. ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന ദേവതയും പരമാത്മാവുതന്നെയാണ്.
ജനനാനന്തരം നൂറുശതമാനവും തീര്‍ച്ചയുള്ള കാര്യം മരണം മാത്രമാണ്. മരണത്തോടെ എല്ലാം തീരുന്നോ? അപ്പുറത്തെന്ത്? നചികേതസ്സും ശ്രീബുദ്ധനുമൊക്കെ ഈ ചോദ്യം ചോദിച്ചു. നമ്മിലെ ഉണ്മയ്ക്ക് നാശമില്ല. അത് ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രമായി തുടരുകയോ പരമാത്മാവില്‍ ലയിക്കുകയോ ചെയ്യുന്നു. ഈ ലയം ജീവിച്ചിരിക്കെത്തന്നെ സാധിക്കുന്നവനാണ് ജീവന്മുക്തന്‍.
(തുടരും)





