githadharsanam

ഗീതാദര്‍ശനം - 247

Posted on: 29 May 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


ശ്രീഭഗവാനുവാച:
അക്ഷരം ബ്രഹ്മ പരമം
സ്വഭാവോശധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരഃ
വിസര്‍ഗഃ കര്‍മസംജ്ഞിതഃ
അധിഭൂതം ക്ഷരോ ഭാവഃ
പുരുഷശ്ചാധിദൈവതം
അധിയാജ്ഞോശഹമേവാത്ര
ദേഹേ ദേഹഭൃതാം വര

ശ്രീഭഗവന്‍ പറഞ്ഞു:

പരമോത്കൃഷ്ടവും നാശരഹിതവുമായത് ബ്രഹ്മം. പുരുഷോത്തമന്റെ സ്വഭാവത്തെ (ജീവഭാഗത്തെ) അധ്യാത്മമെന്ന് പറയുന്നു. ചരാചരങ്ങളുടെ ഉത്പത്തിക്ക് കാരണമായ നിര്‍മാണാത്മകമായ ക്രിയ (യജ്ഞം) ആണ് കര്‍മം. നശിക്കുന്ന സ്വഭാവമുള്ളതെല്ലാം അധിഭൂതം. പ്രകൃതിശക്തികളില്‍ കുടികൊള്ളുന്ന പുരുഷോത്തമ ചൈതന്യമാണ് അധിദൈവതം. ദേഹധാരികളില്‍ ശ്രേഷ്ഠനായ അര്‍ജുനാ, ഈ ദേഹത്തില്‍ ഞാന്‍ തന്നെയാണ് അധിയജ്ഞന്‍.

എല്ലാറ്റിനും ഉണ്മ ഭവിപ്പിക്കുന്ന അടിസ്ഥാനമായതിനാല്‍ മറ്റെല്ലാറ്റിനേക്കാളും ശ്രേഷ്ഠവും എല്ലാം നശിച്ചാലും നശിക്കാതിരിക്കുന്നതും ഏതോ അത് ബ്രഹ്മം. (വികസ്വരമെന്നാണ് ധാത്വാര്‍ഥം.) നാശമുള്ളതെന്തെലാമാണോ അതെല്ലാംകൂടി അധിഭൂതം. സ്ഥലം, കാലം, ദ്രവ്യം എന്ന മൂന്നും ഇതില്‍പ്പെടുന്നു.

അധ്യാത്മവിദ്യ ഇന്ദ്രിയാനുഭൂതികളെ യജ്ഞഫലങ്ങളായി കാണുന്നു. ഇന്ദ്രിയങ്ങള്‍ ഹോമകുണ്ഡങ്ങള്‍. കണ്ണാകുന്ന അഗ്‌നനിയില്‍ രൂപമെന്ന ഹവിസ്സ് അര്‍പ്പിതമാകുമ്പോള്‍ കാഴ്ചയുടെ ദേവന്‍ പ്രസാദിച്ച് ആ അനുഭൂതി നല്‍കി അനുഗ്രഹിക്കുന്നു. അതായത്, ജീവിതം ഒരു നീണ്ട യജ്ഞമാണ്. ഇന്ദ്രിയങ്ങള്‍ക്ക് വെവ്വേറെ ദേവതകളില്ല. പരമാത്മാവുതന്നെയാണ് എല്ലാറ്റിന്റെയും ദേവത.

(തുടരും)



MathrubhumiMatrimonial