githadharsanam

ഗീതാദര്‍ശനം - 246

Posted on: 28 May 2009

സി. രാധാകൃഷ്ണന്‍



അര്‍ജുന ഉവാച-
കിം തത് ബ്രഹ്മ കിമധ്യാത്മം
കിം കര്‍മ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തം
അധിദൈവം കിമുച്യതേ 1
അധിയജ്ഞഃ കഥം കോ/ത്ര
ദേഹേ/സ്മിന്‍ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോ/സി നിയതാത്മഭിഃ 2
അര്‍ജുനന്‍ ചോദിച്ചു-
അല്ലയോ പുരുഷോത്തമാ, ഇപ്പറഞ്ഞ ആ ബ്രഹ്മം എന്താണ്? അധ്യാത്മം എന്നാല്‍ എന്താണ്? കര്‍മം എന്നാല്‍ എന്ത്? അധിഭൂതം എന്ത്? എന്തിനെയാണ് അധിദൈവം എന്നു പറഞ്ഞത്? ഹേ കൃഷ്ണാ, ഇവിടെ ഈ ദേഹത്തില്‍ അധിയജ്ഞനായി ആര്‍ എവ്വിധം ഇരിക്കുന്നു? കൂടാതെ, (ദേഹബന്ധത്തില്‍നിന്ന് പരമാത്മാവിലേക്കുള്ള) യാത്രയില്‍ സംയമികളായ യോഗികള്‍ അങ്ങയെ എവ്വിധം അറിയുന്നു?
(പുരുഷോത്തമ എന്ന സംബോധന ശ്രദ്ധേയമാണ്. പ്രപഞ്ചത്തിന്റെ ക്ഷര-അക്ഷര-അക്ഷരാതീത തലങ്ങളെ അധ്യാത്മവിദ്യ മൂന്ന് പുരുഷന്മാരായി സങ്കല്പിക്കുന്നതില്‍ സര്‍വോത്തമമായ 'പുരുഷ'നാണ് പുരുഷോത്തമന്‍. പുരുഷോത്തമന്‍ എല്ലാ അറിവിന്റെയും നിറവും, എല്ലാറ്റിനും നിത്യമായ കാരണവും ആധാരവുമായ ഈശ്വരനാണ്. 'ദ്വാവിമൗ പുരുഷൗ ലോകേ.... ബിഭര്‍ത്ത്യവ്യയ ഈശ്വരഃ' 15-16-,17.)
ഒന്‍പതും പത്തും അധ്യായങ്ങള്‍ ഗീതയുടെ ഹൃദയമാണെന്നു പറയാറുണ്ട്. അതിലേക്കു കടക്കുമ്മുമ്പ് പരമാത്മബോധത്തിന് ഉറപ്പുള്ള അടിത്തറയിടാനാണ് ഇത്രയും ചോദ്യങ്ങള്‍ ഒറ്റശ്ശ്വാസത്തില്‍ അര്‍ജുനനെക്കൊണ്ട് വ്യാസര്‍ ചോദിപ്പിക്കുന്നത്.
പ്രയാണകാലത്തെക്കുറിച്ചാണ് അവസാനത്തെ ചോദ്യം. യുദ്ധഭൂമിയിലാണ് അര്‍ജുനന്‍. മരണമുള്‍പ്പെടെ എന്തും സംഭവിക്കാം. അഥവാ പെട്ടെന്ന് മരിക്കേണ്ടിവന്നാല്‍ ആ അവസാനനിമിഷത്തില്‍ പുരുഷോത്തമനായ ഈശ്വരനെ എവ്വിധമാണ് ധ്യാനിക്കേണ്ടത് എന്ന ചോദ്യം പ്രസക്തം. (താത്ത്വികതലത്തിലാണെങ്കില്‍, ജീവന് പ്രാപഞ്ചികതയില്‍നിന്ന് പരമപുരുഷനിലേക്കുള്ള - മരണനിരപേക്ഷമായ- പ്രയാണത്തില്‍ ധ്യാനവിഷയം അങ്ങനെ ഇരിക്കണം എന്നും.)
പാല്‍പ്പല്ല് പോയി പുതുത് വരുന്നപോലെയൊ കൗമാരം പോയി യൗവനമാകുന്നപോലെയൊ നദി കടലില്‍ ചേരുന്നപോലെയൊ കായ് പിടിച്ചാല്‍ പൂ കൊഴിയുന്നപോലെയൊ ഒക്കെ വേണം മരണത്തെ കാണാനെന്നാണ് ഗീത പഠിപ്പിക്കുന്നത്. അങ്ങനെ കാണാനുള്ള കെല്പ് ഒരു നിമിഷം കൊണ്ടു സാധിക്കാനുള്ള ധന്യമായ അറിവാണ് ഈ അധ്യായത്തിലെ പ്രമേയം. അത് ഒരു ജീവതാരകം പോലെ നേര്‍വഴിയില്‍ നയിക്കും. ( അതിനാല്‍ ഈ അധ്യായത്തിന് താരകബ്രഹ്മയോഗം എന്നൊരു പേരുകൂടി ഉണ്ട്.)
ആ അറിവുണ്ടായാലത്തെ മാനസികാവസ്ഥ എന്തെന്ന് പ്‌ളേറ്റോയുടെ 'ഡയലോഗുക'ളില്‍ 'ഫെയ്‌ഡൊ' എന്ന ഭാഗത്ത് കാണാമെന്ന് ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാട്ടുന്നു. ശിക്ഷാവിധിയനുസരിച്ച് വിഷം കുടിച്ച സോക്രട്ടീസ് മരണത്തിനു തൊട്ടുമുന്‍പുള്ള ഇടവേളയില്‍ അവലംബിച്ച നിലപാട് നോക്കുക. പരമമായ സത്യത്തിനും നന്മയ്ക്കും സ്വയം സമര്‍പ്പിക്കാന്‍ തീവ്രമായി ഇച്ഛിക്കുന്ന ഒരു അത്ഭുതമനസ്സ് അവിടെ കാണാം. അഥവാ, തന്നെ കുരിശില്‍ തറച്ചവരോടുപോലും പൊറുക്കേണമേ എന്ന യേശുദേവന്റെ അന്ത്യപ്രാര്‍ഥനതന്നെ മതിയായ ഉദാഹരണമാണല്ലൊ.
(തുടരും)



MathrubhumiMatrimonial