githadharsanam

ഗീതാദര്‍ശനം - 245

Posted on: 27 May 2009


അക്ഷരബ്രഹ്മയോഗം


പറയുന്ന ആള്‍ ഉപയോഗിക്കുന്ന അടിസ്ഥാനപദങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് കേള്‍ക്കുന്ന ആള്‍ കൃത്യമായി അറിഞ്ഞിരുന്നാലല്ലേ, പറയുന്ന കാര്യം ശരിയായി മനസ്സിലാകൂ? ഉദാഹരണത്തിന്, ദൈവമെന്ന വാക്കിന്റെ അര്‍ഥത്തെപ്പറ്റി നിശ്ചിതമായ പൊതുധാരണ ഇല്ലാത്തവര്‍ ദൈവത്തെക്കുറിച്ച് എത്ര കാലം ചര്‍ച്ചചെയ്തിട്ട് എന്തു ഫലം?

മൂന്ന് അവസ്ഥകളിലാണ് പദങ്ങളുടെ അര്‍ഥനിര്‍വചനം അനിവാര്യമാകുന്നത് - പുതിയ ആശയം അവതരിപ്പിക്കാന്‍വേണ്ടി പുതുതായി ഉരുത്തിരിച്ചതാണ് ഈ പദങ്ങളെങ്കില്‍, പറയുന്ന കാര്യം പഴയതായാലും അത് കേള്‍ക്കുന്നത് തുടക്കക്കാരനായ വിദ്യാര്‍ഥിയാണെങ്കില്‍, പണ്ടേ ഉള്ളവയെന്നാലും പദങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ഥദോഷം വന്നുകഴിഞ്ഞെങ്കില്‍.

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ആശയം നിത്യമായ അറിവാണ്, ഒരു പുതിയ കാര്യമല്ല. അര്‍ജുനന്‍ അറിവിന്റെ കാര്യത്തില്‍ ശിശുവുമല്ല. അപ്പോള്‍ വിവരമുള്ളവര്‍ക്കുപോലും അര്‍ഥശങ്ക പറ്റുമ്മട്ടിലാണ് അക്കാലത്ത് അടിസ്ഥാനപദങ്ങളും ആശയങ്ങളും പൊതുവെ കൈകാര്യം ചെയ്യപ്പെട്ടിരുന്നത് എന്നുതന്നെ അനുമാനിക്കാം.

കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍ ബ്രഹ്മം, അധ്യാത്മം, കര്‍മം, അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നീ പദങ്ങള്‍ വന്നു. ഇതില്‍ ഓരോന്നിനും അക്കാലത്ത് പല തരം അര്‍ഥകല്പനകള്‍ നിലവിലുണ്ടായിരുന്നിരിക്കാം. അതിന്റെ ഫലമായി അധ്യാത്മവിദ്യയെപ്പറ്റി മൊത്തമായ ആശയക്കുഴപ്പം നിലവില്‍ വന്നിട്ടുമുണ്ടാകാം. ''സത്യം ഒന്നേ ഉള്ളൂ എങ്കിലും അറിവുള്ളവര്‍തന്നെ പലതായി പറ''ഞ്ഞാല്‍ സംഭവിക്കാവുന്നതാണല്ലോ ഇത്.

ഇപ്പറഞ്ഞ ആറ് പദങ്ങളുടെയും ശുദ്ധമായ സരളസാരം ഗ്രഹിച്ചാല്‍ പ്രപഞ്ചത്തെയും നമ്മെയും, നമുക്ക് പ്രപഞ്ചവുമായുള്ള ബന്ധത്തെയും വേണ്ടത്ര അറിഞ്ഞുകഴിഞ്ഞു! ഈ ഓരോ വാക്കിനും കൃത്യമായ അര്‍ഥകല്പന നടത്തി ഗീത കാടും പടലും വെട്ടി ബ്രഹ്മവിദ്യയുടെ വഴി വീണ്ടും തെളിയിക്കയാണ്- പല വിതാനങ്ങളില്‍ കെട്ടിനില്‍ക്കുന്ന ജലത്തെ ഇടയിലെ അതിരുകള്‍ തട്ടി മഹാപ്രവാഹമാക്കി പാരാവാരത്തിലേക്ക് നയിക്കുന്നപോലെ.

(തുടരും)



MathrubhumiMatrimonial