
ഗീതാദര്‍ശനം - 244
Posted on: 26 May 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാന
യോഗം
യോഗം
സാധിഭൂതാധിദൈവം മാം
സ്വാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേശപി ച മാം
തേ വിദുര്‍യുക്തചേതസഃ
അധിഭൂതം അധിദൈവം ഇവയോടുകൂടിയവനായും അധിയജ്ഞത്തോടുകൂടിയവനായും എന്നെ ആരറിയുന്നുവോ സമാഹിതചിത്തരായ അവര്‍ മരണസമയത്തുപോലും എന്നെ അറിയുന്നു.
അധിഭൂതം 4 (ശരീരമുള്‍പ്പെടെയുള്ള) ചരാചരസഞ്ചയമായ ജഗത്തിനെ സംബന്ധിച്ചത്. അധിദൈവം 4 ദേവന്മാരെ, അതായത് ഇന്ദ്രിയമനോബുദ്ധികളെ സംബന്ധിച്ചത്. അധിയജ്ഞം ജീവിതവ്യാപാരത്തെ സംബന്ധിച്ചത്. ഇപ്പറഞ്ഞതെല്ലാം ഉള്‍പ്പെടെയാണ് പരംപൊരുള്‍ എന്നാണ് അറിയേണ്ടത്. അതാണ് ആയിത്തീരേണ്ടത്. പ്രപഞ്ചത്തിലെ ഒന്നും ഒഴിവാക്കാനില്ല എന്നു സാരം.
മനസ്സിന്റെയും കര്‍മത്തിന്റെയും ഗതിയെ കുറിച്ചു മാത്രമല്ല, ചരാചരങ്ങളെക്കുറിച്ചും ഇന്ദ്രിയമനോബുദ്ധികളുടെ വ്യാപാരങ്ങളെക്കുറിച്ചും അവയുടെ യജ്ഞകര്‍മരൂപമായ സാഫല്യത്തെക്കുറിച്ചും വേണ്ടപോലെ അറിയുന്നവനാണ് ബ്രഹ്മജ്ഞാനി എന്നു വ്യക്തമാക്കുന്നു. പ്രായോഗികജീവിതത്തിന് സമര്‍ഥരാണ് അവര്‍ എന്നൊരു തെറ്റായ ധാരണയുണ്ട്. പക്ഷേ, വേദാന്തം വിഭാവനം ചെയ്യുന്ന സിദ്ധപുരുഷന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന ഊര്‍ജസ്വലനാണ്. സ്വജീവിതകാലത്ത് മാത്രമല്ല എക്കാലത്തും അവര്‍ ലോകഗതി നിയന്ത്രിക്കുന്നു.
''മരണസമയത്തും യോഗയുക്തന്‍ എന്നെ അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു'' എന്ന പ്രസ്താവംകൊണ്ട് ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത് അത്തരമൊരാളുടെ അറിവിന്റെ ദാര്‍ഢ്യമാണ്. ജീവന്റെ ദേഹമുക്തിയുടെ വേള ഏത് ജീവിക്കും ഒരു പ്രതിസന്ധിഘട്ടമാണ്. ആശങ്കകളിലേക്കും വിഹ്വലതകളിലേക്കും മനസ്സും ബുദ്ധിയും പതറിപ്പോകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയം. പക്ഷേ, യഥാര്‍ഥയോഗി ആ സമയത്തും സ്ഥിതപ്രജ്ഞനായി ഇരിക്കുന്നു. അതിനാല്‍ ജീവന്റെ പരമാത്മസാരൂപ്യം അഭംഗുരമായിരിക്കയും ചെയ്യുന്നു. ഈ പദ്യം അടുത്ത അധ്യായം തുറക്കാനുള്ള താക്കോല്‍ കൂടിയാണ്. ഇതിലെ പദങ്ങളുടെ അര്‍ഥവ്യാപ്തി വിശദീകരിച്ചാണ് അടുത്ത അധ്യായം തുടങ്ങുന്നത്.
ഇതി ജ്ഞാനവിജ്ഞാനയോഗോ നാമ
സപ്തമോശധ്യായഃ
ജ്ഞാനവിജ്ഞാനയോഗമെന്ന ഏഴാമധ്യായം സമാപിച്ചു.
(തുടരും)





