githadharsanam

ഗീതാദര്‍ശനം - 242

Posted on: 24 May 2009


ജ്ഞാനവിജ്ഞാന യോഗം



യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകര്‍മണാം
തേ ദ്വന്ദ്വമോഹനിര്‍മുക്താഃ
ഭജന്തേ മാം ദൃഢവ്രതാഃ
എന്നാല്‍, പുണ്യകര്‍മങ്ങളുടെ ഫലമായി യാതൊരു മനുഷ്യരുടെ പാപം നശിച്ചിരിക്കുന്നുവോ അവര്‍ സുഖദുഃഖഭ്രമങ്ങളില്‍നിന്ന് വിമുക്തരായി നിശ്ചയദാര്‍ഢ്യത്തോടെ എന്നെ ഭജിക്കുന്നു.
യജ്ഞഭാവനയോടെ (സര്‍വഭൂതഹിതത്തിനായി) ചെയ്യുന്ന കര്‍മം പുണ്യം, അങ്ങനെ അല്ലാത്തത് പാപം. പാപഭാരം വാസനാരൂപത്തിലാണ് പേറേണ്ടിവരുന്നത്. എപ്പോഴെങ്കിലും തിരിച്ചറിവുണ്ടായി ജീവിതശൈലിയും കാഴ്ചപ്പാടും മാറ്റിയാല്‍, പുണ്യകര്‍മത്തില്‍ താത്പര്യം ജനിച്ചാല്‍, ബാലന്‍സ് ഷീറ്റിലെ നീക്കിയിരിപ്പില്‍ ആക്കത്തൂക്കം മാറുന്നു. ലാഭംകൊണ്ടു വേണമല്ലോ നഷ്ടം നികത്താന്‍. പാപക്കോളത്തില്‍ വരവുകള്‍ ഇല്ലാതിരിക്കയും പുണ്യം കൂടുകയും ചെയ്യുന്ന മുറയ്ക്ക് നഷ്ടക്കണക്ക് ലാഭക്കണക്കാവും. അപ്പോഴാണ് ബുദ്ധിയിലെ ആവരണം നീങ്ങി തത്ത്വദര്‍ശനമുണ്ടായി നിശ്ചയദാര്‍ഢ്യത്തോടെ പരമാത്മസ്വരൂപത്തെ ഭജിച്ചു തുടങ്ങുക.
എല്ലാരും പിറവിയില്‍ത്തന്നെ വ്യാമോഹിതരായിത്തീരുന്നു. എങ്കിലും ഓരോരുത്തരും അകപ്പെട്ടുപോകുന്ന വ്യാമോഹത്തിന് തരാതരമുണ്ടെന്നു വരുന്നു. പൂര്‍വജന്മത്തില്‍ പാപം മിക്കവാറും നശിച്ചവര്‍ വേഗം വെളിച്ചം കാണുന്നു. അല്ലാതെ, എല്ലാ മനുഷ്യരും ഒരുപോലെ പാപത്തിന്റെ സന്തതികളല്ല.
സ്ഥിരചിത്തത്തോടെ പരമാത്മാവിനെ ഭജിച്ചാലോ?

(തുടരും)



MathrubhumiMatrimonial