githadharsanam

ഗീതാദര്‍ശനം - 241

Posted on: 23 May 2009


ജ്ഞാനവിജ്ഞാനയോഗം



ഇച്ഛാദ്വേഷസമുത്‌ഥേന
ദ്വന്ദ്വമോഹേന ഭാരത
സര്‍വഭൂതാനി സംമോഹം
സര്‍ഗേ യാന്തി പരന്തപ

ശത്രുതാപകനും ഭരതവംശജനുമായ ഹേ അര്‍ജുനാ, ഇച്ഛാദ്വേഷങ്ങളില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹങ്ങള്‍ കാരണം എല്ലാ ചരാചരങ്ങളും പിറവിയിലേതന്നെ അറിവില്ലായ്മയില്‍ പെട്ടുപോകുന്നു.
ജനിച്ചുകഴിഞ്ഞ ഉടനെ അറിവില്ലായ്മ ഉണ്ടായിത്തുടങ്ങുന്നു. ഉണ്ടാക്കുംവിധമാണ് അക്ഷരപ്രകൃതിയുടെ സ്വഭാവം. വിപരീതങ്ങളെക്കൊണ്ടുള്ള കളിയാണ് അതിന്റെ പ്രവര്‍ത്തനരീതി. നശിക്കുന്ന ജീവകോശങ്ങളെക്കാള്‍ അധികം നിര്‍മിക്കപ്പെടുമ്പോഴാണ് ശരീരവളര്‍ച്ച. ആ വളര്‍ച്ചയ്ക്ക് സഹായകമായതെല്ലാം സുഖാനുഭവമായി തോന്നുന്നു. മറിച്ചും. ക്രമേണ മുന്നനുഭവങ്ങളില്‍നിന്ന് സുഖദുഃഖസങ്കല്പങ്ങള്‍ രൂപംകൊള്ളുന്നു. രാഗദ്വേഷങ്ങള്‍ ആഗ്രഹങ്ങളാവുന്നു, ചിന്തകള്‍ അതനുസരിച്ച് രൂപപ്പെടുന്നു, അവ കരണപ്രതികരണങ്ങളിലേക്ക് നയിക്കുന്നു. എല്ലാ പ്രവൃത്തികളുടെയും ഫലങ്ങളെ മുന്‍നിശ്ചിതങ്ങളായ ഇഷ്ടാനിഷ്ടങ്ങള്‍ തരംതിരിക്കുന്നു. ഇഷ്ടക്കൂടുതല്‍ നേടാനും അനിഷ്ടാനുഭവം കുറയ്ക്കാനും ബദ്ധപ്പെടുന്നു. ഇതുതന്നെ തൊഴിലായിത്തീരുന്നു. മനസ്സ് രാഗദ്വേഷങ്ങളെന്ന ദ്വന്ദ്വങ്ങളുടെ കൂത്തരങ്ങാവുന്നു. മനസ്സിലെ വിക്ഷേപം ബുദ്ധിയില്‍ ആവരണമായി പരിണമിക്കയാല്‍ അവനവനിലെ ആത്മതത്ത്വം ആ മറയ്ക്കപ്പുറത്തായിപ്പോകുന്നു.ഈ ചിത്രത്തിന് ഒരു മറുവശവുമുണ്ട്. ഒരു ജന്മത്തില്‍നിന്ന് ലഭിച്ച വാസനകളുടെ കര്‍മാവിഷ്‌കാരത്തിന് ഉതകിയ ഒരു പിറവിയും ശരീരവുമാണ് ജീവന്‍ എന്ന മോര്‍ഫൊജനറ്റിക് ഫീല്‍ഡ് അടുത്ത ജന്മത്തില്‍ തനിക്കായി കണ്ടെത്തി രൂപപ്പെടുത്തുന്നത്. ആ വാസനകള്‍ മനോഭാവമായും പ്രത്യേകമായ കര്‍മാഭിമുഖ്യമായും പുതുപ്പിറവിയില്‍ പ്രകടമാവും. ഈ തുടര്‍ച്ചയുടെ വളര്‍ച്ചയിലുമുണ്ട് വൈരുദ്ധ്യാത്മകത. ചാക്രികമായ തനിയാവര്‍ത്തനത്തിനുള്ള ത്വരയും പരിണമിക്കാനുള്ള ത്വരയും തമ്മിലാണ് അങ്കം. പരിണമിക്കാനുള്ള ത്വര ആത്മസ്വരൂപത്തിന്റെ ആവിഷ്‌കാരത്വരയാണ്.
ഇതിന്റെ എതിരാളി ഇതിനോടു പൊരുതാന്‍ കൂട്ടുപിടിക്കുന്നത് മേല്പറഞ്ഞ ദ്വന്ദ്വമോഹത്തെയാണ്.ഏതവസ്ഥയിലുള്ള ആരായാലും പിറവിയില്‍ തുടങ്ങിയ അജ്ഞാനസമ്പാദനം അവസാനിപ്പിക്കുകയാണ് വേണ്ടത് എന്നാണ് ഗീതാതാത്പര്യം. അറിവും അറിവില്ലായ്മയും തമ്മിലുള്ള അങ്കത്തില്‍ അറിവിന് സേ്കാര്‍ ലഭിക്കട്ടെ. കുറച്ചെങ്കില്‍ കുറച്ച്. ആ ലീഡ് പിന്നെ ഒരിക്കലും നഷ്ടപ്പെടില്ല. ഈ കളിയില്‍ ജയിക്കാന്‍ വേറെ വഴിയൊന്നുമില്ല. വെറുതെ വീണുകിട്ടുന്നതുമല്ല ട്രോഫി.

(തുടരും)



MathrubhumiMatrimonial