ജൈവഅധിനിവേശം കേരളത്തില്‍

Posted on: 21 May 2009


ലോകം നേരിടുന്ന മുഖ്യഭീഷണികളിലൊന്നാണ് ജൈവഅധിനിവേശം (Bioinvasion). നമ്മുടെ നാടും ഈ ഭീഷണിയില്‍നിന്ന് മുക്തമല്ല. ആഫ്രിക്കന്‍ പായല്‍ മുതല്‍ ചിക്കുന്‍ഗുനിയ വൈറസ് വരെ കേരളത്തിലും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ്സ് പച്ചയും കമ്മ്യൂണിസ്റ്റ് പച്ചയും അധിനിവേശ സസ്യങ്ങളില്‍ പെടുന്നു. ആ പട്ടികയിലെ ചില പ്രധാനപ്പെട്ട ഇനങ്ങള്‍ ചുവടെ.


1. ആഫ്രിക്കന്‍ പായല്‍
(African Payal-Salvinia molesta):

കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ വേഗം പടര്‍ന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ഇത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുക വഴിയും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളരുന്നതിനാല്‍ സൂര്യപ്രകാശം തടയുന്നതിനാലും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ഈ സസ്യം.

പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഇതിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ഇത് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കന്‍ പായല്‍ ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ ഈ ജലസസ്യം കടന്നുകൂടിയ പ്രദേശം അമേരിക്കന്‍ ഐക്യനാടുകളാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നത്. പക്ഷേ, അതൊടുവില്‍ വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നു.

2. തിലാപ്പിയ
(Mozambique Tilapia-Oreochromis mossambicus):

ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളരെ വേഗം പെരുകുന്ന തിലാപ്പിയ എന്ന മത്സ്യയിനം കേരളീയര്‍ക്ക് സുപരിചിതമാണ്. സംസ്ഥാനത്തെ ശുദ്ധജല മത്സ്യസമ്പത്തിന് ഏറ്റവുമധികം പരിക്കേല്‍പ്പിച്ച ഒരു ജീവിയാണ് തിലാപ്പിയ എന്ന് പക്ഷേ, പലര്‍ക്കും അറിയില്ല. നമ്മുടെ നാടന്‍ മത്സ്യയിനങ്ങള്‍ എത്രയെണ്ണം തിലാപ്പിയ മൂലം വംശനാശം നേരിട്ടു എന്നതിന് കൃത്യമായ കണക്കില്ല. ഒരുകാര്യം വാസ്തവമാണ്, തിലാപ്പിയ എത്തുന്ന ജലാശയങ്ങളിലും നീരൊഴുക്കുകളിലും മറ്റ് മത്സ്യയിനങ്ങളൊന്നും അധികകാലം അവശേഷിക്കാറില്ല. നമ്മുടെ തടാകങ്ങളിലും പുഴകളിലും നിന്ന് അത്തരത്തില്‍ എത്രയോ സ്വാദിഷ്ടമായ മത്സ്യങ്ങള്‍ തിലാപ്പിയ മൂലം ഇല്ലാതായിരിക്കുന്നു.

മത്സ്യകൃഷി (അക്വാകള്‍ച്ചര്‍) യുടെ ഭാഗമായി ലോകത്താകമാനം എത്തിയ തിലാപ്പിയ, തെക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ മിക്ക പ്രദേശത്തും തിലാപ്പിയ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എത്തുന്ന ഇടങ്ങളില്‍ വളരെ വേഗം ആധിപത്യമുറപ്പിക്കുന്ന ഈ മത്സ്യം, കണ്ണില്‍കാണുന്നത് എന്തും തിന്നുതീര്‍ക്കുന്ന ജീവിയാണ്. മറ്റ് മത്സ്യങ്ങള്‍ക്ക് ഇവയ്ക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരുന്നു. അങ്ങനെയാണ് തദ്ദേശ മത്സ്യയിനങ്ങള്‍ക്ക് തിലാപ്പിയ വന്‍ഭീഷണിയാകുന്നത്. യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന തിലോപ്പിയയെ 'ജൈവമലിനകാരി' (യശീുീഹഹൗമേി)േ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

3. അക്കേഷ്യ
(Acacia mearnsii):

ചതുപ്പുകള്‍ വറ്റിക്കാനും വിറകിനും തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്താനുമൊക്കെ സഹായിക്കുന്ന വൃക്ഷം എന്ന നിലയില്‍ നമ്മുടെ നാട്ടിലും എത്തിയതാണ് അക്കേഷ്യ. പല ഇനങ്ങളില്‍ പെട്ട ഇവ നമ്മുടെ നാട്ടിലുണ്ട്. നല്ല ലക്ഷ്യം വെച്ച് ഇവിടെ അവതരിപ്പിച്ച അക്കേഷ്യ പക്ഷേ, തദ്ദേശ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇന്ന് കേരളത്തില്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ. ബ്ലാക്ക് വാറ്റില്‍ ഉള്‍പ്പടെയുള്ളവ അക്കേഷ്യയെന്ന് സാധാരണ അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍, മണ്ണില്‍നിന്ന് വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അതിനാല്‍ അക്കേഷ്യകൃഷി ജലക്ഷാമത്തിനും കാരണമാകാറുണ്ട്. അക്കേഷ്യ പൂക്കുമ്പോള്‍ വായുവില്‍ പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും സാധാരണമാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഈ സസ്യയിനം ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്.

4. ആഫിക്കന്‍ ഭീമന്‍ ഒച്ച്
(Giant African Snail-Achatina fulica):

ഉഷ്ണമേഖല പ്രദേശത്തെ വിളകള്‍ക്കും കൃഷിക്കും സസ്യവൈവിധ്യത്തിനും കടുത്ത നാശം വിതയ്ക്കുന്ന അധിനിവേശ ജീവിയാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ച്. ഈ 'ഒച്ച്കീടം' വിളകള്‍ക്ക് മാത്രമല്ല, പല ദ്വീപ് പ്രദേശങ്ങളിലും തദ്ദേശയിനം ഒച്ചുകള്‍ക്കും കടുത്ത ഭീഷണിയാണ്. കേരളത്തിലും ചില പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത് പരിസ്ഥിതി, ആരോഗ്യ, ശുചിത്വ പ്രശ്‌നമായി മാറുന്നുണ്ട്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും സ്വാഭാവികവനങ്ങളിലും കൃത്രിമവനങ്ങളിലും നഗരപ്രദേശങ്ങളിലും ചതുപ്പുകളിലുമെല്ലാം ഈ ജീവികള്‍ വേഗം പെരുകുന്നു.

കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഈ ജീവിക്ക് ചില ഔഷധഗുണങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഒരു പ്രോട്ടീന്‍ ഉറവിടവുമാണത്. ആ നിലയ്ക്ക് ഗവേഷണലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലഭാഗത്തും ഈ ജിവിയെ എത്തിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ യാദൃശ്ചികമായും ഇവ പലയിടങ്ങളിലും എത്തി. അധിനിവേശം നടന്നിടത്തുനിന്ന് ആസൂത്രിതമായ നടപടികള്‍ വഴി ഈ ജീവിയെ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ട്. വടക്കേയമേരിക്കയിലെ ടെക്‌സാസ്, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് എന്നീ സ്ഥലങ്ങള്‍ കൃത്യമായ നടപടികള്‍ വഴി ഒച്ചുഭീഷണി ഇല്ലാതാക്കിയ പ്രദേശങ്ങളാണ്.

5. ടൈഗര്‍ കൊതുക്
(Asian Tiger Mosquito-Aedes albopictus):

ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങി ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ പരത്തുന്ന ടൈഗര്‍ കൊതുക്, മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങളുടെ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങള്‍ ടൈഗര്‍ കൊതുകുകള്‍ക്ക് പെരുകാന്‍ അനുകൂലമായി മാറി.

6. മണ്ഡരി
(Coconut Mite-Aceria guerreronis):

കേരളംപോലെ നാളികേര കൃഷിക്ക് പ്രധാന്യമുള്ള നാടിന്റെ നട്ടെല്ലൊടിക്കാന്‍ പോന്ന ഒന്നാണ് മണ്ഡരിബാധ. മണ്ഡരിയെന്ന കീടം കേരളത്തെ സംബന്ധിച്ചിടത്തോളം ഉറക്കം കെടുത്തുന്ന ഒരു അധിനിവേശജീവിയാണ്. മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ കീടം, ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

7. കോണ്‍ഗ്രസ്സ് പച്ച അഥവാ പാര്‍ത്തീനിയം
(Congress grass-Parthenium hysterophorus):

മധ്യഅമേരിക്കന്‍ സ്വദേശിയായ ഈ കള. 1950-കളില്‍ അമേരിക്കയില്‍നിന്നുള്ള ഗോതമ്പ് ഇറക്കുമതിയുടെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ എത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, തയ്‌വാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഈ കള വലിയൊരു പരിസ്ഥിതി ഭീഷണിയായി ഇപ്പോള്‍ മാറി. കൃഷിക്ക് വന്‍ഭീഷണി സൃഷ്ടിക്കുന്ന ഇത്, മനുഷ്യരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സ് പച്ച തിന്നുന്ന മാടുകളുടെ മാംസം മലിനമാകാറുണ്ട്. വളരെ വേഗം വളര്‍ന്ന് പടരാനുള്ള കഴിവാണ് ഈ സസ്യം ഭീഷണിയാകാന്‍ കാരണം. ഒരു ശരാശരി കോണ്‍ഗ്രസ്സ് പച്ച 15,000 മുതല്‍ ഒരുലക്ഷം വരെ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. സസ്യത്തിന് വേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇത് അനുകൂല അവസരമൊരുക്കുന്നു.

8. കമ്മ്യൂണിസ്റ്റ് പച്ച
(Siam Weed-Chromolaena odorata):

മറ്റ് സസ്യയിനങ്ങള്‍ക്ക് ഇട നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും സ്വദേശമായ ഈ സസ്യം, ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്.

9. ആഫിക്കന്‍ മുഷു
(African Catfish-Clarias gariepinus):

കേരളം ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ ശുദ്ധജല മത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു. കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി ലോകം മുഴുവന്‍ എത്തിയ ഈ മത്സ്യം, അധിനിവേശ മത്സ്യം എന്ന നിലയ്ക്ക് ഇപ്പോള്‍ പലയിടത്തും വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

10. പാണ്ടി തൊട്ടാവാടി
(Giant False Sensitive Plant-Mimosa diplotricha):

കേരളത്തിലും ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു അധിനിവേശ സസ്യമാണിത്. വളരെ വേഗം വളര്‍ന്ന് പെരുകി മറ്റ് സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന കളയാണ് പാണ്ടിത്തൊട്ടാവാടി. രണ്ട് മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഈ സസ്യം ബ്രസീല്‍ സ്വദേശിയാണ്. വളര്‍ന്ന് തുടങ്ങുമ്പോഴേ നശിപ്പിക്കുകയാണ് ഇതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടത്. നാഷണല്‍ പാര്‍ക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

11. ധൃതരാഷ്ട്ര പച്ച
(Mile-a-minute-Mikania macrantha):

ചെക്ക് സസ്യശാസ്ത്രജ്ഞന്‍ ജോഹാന്‍ ക്രിസ്റ്റിയന്‍ മില്‍ക്കാന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വളക്കൂറും ഈര്‍പ്പവും ജൈവാവശിഷ്ടങ്ങളുമുള്ള മണ്ണില്‍ ഭ്രാന്തമായ രീതിയില്‍ വളര്‍ന്നുപടരുന്ന സസ്യമാണിത്. കൃഷിയിടങ്ങളിലും കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ വേഗം വ്യാപിക്കുന്ന ഈ വിദേശസസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായിട്ടുള്ള സസ്യജാതിയാണ്. കാറ്റിലൂടെയും വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ചും വിത്തുവിതരണം നടത്തുന്ന ഈ സസ്യം, പല രാജ്യങ്ങളിലും വളരെയേറെ പ്രശ്‌നകാരിയായ കളയാണ്. തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഈ കളയുടെ ജന്മദേശം. രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങള്‍ ശത്രുദൃഷ്ടിയില്‍നിന്ന് മറച്ചു വെയ്ക്കാന്‍ സസ്യത്തെ വളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഇന്ത്യയിലും ഈ കളയെത്തിയത്. ഇന്ത്യയില്‍ തേയിലകൃഷിക്ക് ഇന്ന് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ധൃതരാഷ്ട്ര പച്ച.

12. കുളവാഴ
(Water Hyacinth-Eichhornia crassipes):

ലോകത്ത് ജലാശയങ്ങളിലും നീര്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഏറ്റവും പ്രശ്‌നകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നാണ് കുളവാഴ. വേഗം വളര്‍ന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. അതിനാല്‍, കുളങ്ങളിലും മറ്റും അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യന്‍ തന്നെ മിക്കയിടത്തും എത്തിച്ചതാണ് ഈ സസ്യത്തെ. വെറും 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാന്‍ ശേഷിയുള്ള കുളവാഴ, നീരൊഴുക്ക് തടയുകയും ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്താറുമുണ്ട്. ഈ നീര്‍കള വളരുന്ന സ്ഥലത്ത് നീന്തലും മത്സ്യബന്ധനവും അസാധ്യമാകുന്നു. വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് കുളവാഴ ഭീഷണിയാകുന്നു. തെക്കേയമേരിക്കയിലെ ആമസോണ്‍ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.

13. ഗാംബൂസിയ
(Mosquito Fish-Gambusia affinis):

അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രദേശത്തും മെക്‌സിക്കോയിലും കാണപ്പെട്ടിരുന്ന ഈ മത്സ്യത്തെ, കഴിഞ്ഞ നൂറ്റാണ്ടില്‍ കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചതാണ്. അധിനിവേശ ഇനമായി ഇത് നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊതുകുകളുടെ മുട്ട മാത്രമല്ല, നാടന്‍ മത്സ്യയിനങ്ങളുടെയും മുട്ട തിന്നുനശിപ്പിക്കുന്ന ഗാംബൂസിയ മത്സ്യം, ലോകമെമ്പാടും ഒട്ടേറെ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാണ്. കേരളത്തിലും ഈ മത്സ്യം ഭീഷണിയുയര്‍ത്തുന്നു. ഒരിക്കല്‍ ഒരിടത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍, പുതിയ ഇടങ്ങളില്‍ ഈ മത്സ്യത്തെ എത്തിക്കാതെ തടയുകയാണ് ഉചിതം.

14. അരിപ്പൂ/കൊങ്ങിണി
(Spanish Flag-Lantana camara):

തെക്കേയമേരിക്കന്‍ സ്വദേശിയായ ഈ സസ്യയിനം കേരളം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ കളയായി പടര്‍ന്നിട്ടുള്ള അധിനിവേശയിനമാണ്. കൊങ്ങിണിച്ചെടിയുടെ 650 വ്യത്യസ്ത ഇനങ്ങള്‍ അറുപതോളം രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്കും കൂട്ടമായും വളര്‍ന്നുപരക്കുന്ന ഇവ, ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയാണ്.

(കടപ്പാട്: സുവേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഇന്‍വേസീവ് സ്​പീഷിസ് ഡേറ്റാബേസ്).


-ജെ.എ.

ജൈവഅധിനിവേശം എന്ന ഭീഷണി



MathrubhumiMatrimonial