
ഗീതാദര്‍ശനം - 240
Posted on: 22 May 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാന
യോഗം
യോഗം
വേദാഹം സമതീതാനി
വര്‍ത്തമാനാനി ചാര്‍ജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന
ഹേ അര്‍ജുന, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയുമായ ചരാചരങ്ങളെ (എല്ലാം) ഞാന്‍ അറിയുന്നു. എന്നെയാകട്ടെ, ആരും അറിയുന്നില്ല.
പരമാത്മാവ് പ്രജ്ഞാനം തന്നെയാണ്, എല്ലാം തികഞ്ഞ അറിവാണ്. അതിനെ സംബന്ധിച്ചിടത്തോളം, മായ ഒരു വശത്തേക്കു മാത്രം കാണാവുന്ന ചില്ലുപോലെയും, കാലം സുതാര്യമായും ഇരിക്കുന്നു. പരമാത്മാവിന് എന്തു കണ്ടറിയാനും രണ്ടും തടസ്സമല്ല. അഥവാ എല്ലാ അറിവിന്റെയും നിറവുതന്നെയാണ് അത്. ഇപ്പുറത്തുള്ളവര്‍ക്ക് അങ്ങോട്ടു കാണാനാണ് പറ്റാത്തത്. (ബ്രഹ്മലക്ഷണത്തില്‍ മുഖ്യമായിട്ടുള്ളത് അതിനു മാത്രമേ അതിനെ വെളിപ്പെടുത്താന്‍ കഴിയൂ എന്നതാണ്).
ഇതിലൊരു ഫലിതവുമുണ്ട്. അറിഞ്ഞ ആള്‍ വേറെ അല്ല; വേറെ ആയിരിക്കുന്ന ആള്‍ അറിയുന്നുമില്ല. പരമാത്മാവിനെ അറിയുന്ന ആള്‍ പരമാത്മാവായി തീരുന്നു.
''ഞാനായിത്തീരാത്ത ആര്‍ക്കും എന്നെ അറിയാവതല്ല''. കാരണം, അറിയുന്നവനും അറിയുന്ന വസ്തുവും വെവ്വേറെയായിരിക്കുവോളം അറിവ് തികയുന്നില്ല. ''അങ്ങനെയുള്ള ആരും എന്നെ അറിയുന്നില്ല'' എന്നാണ് പ്രസ്താവം. ഈ അറിവിന്റെ തികവിനു തെളിവ് ഈ അറിവുമായുള്ള ഏകത്വമാണ് എന്ന പാഠമാണ് ഈ പദ്യത്തില്‍ കടങ്കഥാരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇനിയുണ്ടാകാവുന്ന സംശയം അടിസ്ഥാനപരമാണ്. അനുഭവിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്കും സങ്കല്പിക്കാന്‍ മനസ്സിനും ചിന്തിക്കാന്‍ ബുദ്ധിക്കും കഴിവു നല്‍കുന്നത് പരമാത്മചൈതന്യമാണ് എന്നിരിക്കെ, ചിത്തവൃത്തിക്ക് ഈ ചൈതന്യത്തിന്റെ സാന്നിധ്യം എങ്ങനെ അജ്ഞാതമാകുന്നു?
(തുടരും)





