
ഗീതാദര്‍ശനം - 239
Posted on: 21 May 2009
ജ്ഞാനവിജ്ഞാന യോഗം
നാഹം പ്രകാശഃ സര്‍വസ്യ
യോഗമായാസമാവൃതഃ
മൂഡോശയം നാഭിജാനാതി
ലോകോമാമജമവ്യയം
യോഗമായയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന എന്നെ എല്ലാവര്‍ക്കും കാണാനാവുന്നില്ല. (അതിനാല്‍) ഈ മൂഢലോകം എന്നെ ജനനവും നാശവുമില്ലാത്തവനായി അറിയുന്നില്ല.
പരാപ്രകൃതിയില്‍ ത്രിഗുണങ്ങളുടെ ഘടനയെ സംബന്ധിക്കുന്ന രഹസ്യമാണ് 'യോഗമായ'. (സ്വഭാവാന്തരമായ പരാപ്രകൃതിയോട് പരമാത്മാവ് ചേര്‍ന്നിരിക്കുന്ന രീതിയുടെ നിഗൂഢതയെന്ന മായ). ആ മായയാകുന്ന യവനിക പരമാത്മാവിനെ മറച്ചുവെക്കുന്നു. പാമ്പ് കയറിനെ എന്നപോലെ, മരുമരീചിക മണലാരണ്യത്തെ എന്നപോലെ, അലകള്‍ ആഴിയെ എന്നപോലെ.
മായ എന്ന മറ മനുഷ്യരില്‍ ഉളവാക്കുന്ന അറിവില്ലായ്മ രണ്ടു വിധത്തിലുണ്ട്. കാണുന്നതെല്ലാം എന്നേക്കുമുള്ളതെന്ന് നിശ്ചയിച്ച് വെട്ടിപ്പിടിക്കാനുള്ള ആഗ്രഹവും കാണുന്നതൊന്നും ശരിയായി കാണാതെ ആലസ്യപ്പുതപ്പിനകത്തു കഴിയാനുള്ള ഇഷ്ടവും. രണ്ടും പരമായ യാഥാര്‍ഥ്യത്തെ അറിയാന്‍ തടസ്സമാണ്. രണ്ടും ഒഴിവാക്കി രഹസ്യങ്ങളുടെ രാജാവായ അറിവിലേക്ക് കടന്നു ചെല്ലാനുള്ള വിദ്യയാണ് വിദ്യകളുടെ രാജാവായ ബ്രഹ്മവിദ്യ.
പരമാത്മാവ് ആത്യന്തിക യാഥാര്‍ഥ്യം (മഹത്തമം). അതിന്റെ ഭാവാന്തരമായ അക്ഷരപ്രകൃതി ഇടനില യാഥാര്‍ഥ്യം (മഹത്തരം). അതില്‍ നിന്നുരുത്തിരിയുന്ന ക്ഷരപ്രപഞ്ചം താത്കാലിക യാഥാര്‍ഥ്യം (മഹത്ത്). ഈ മൂന്നു പടവുകളും യഥാര്‍ഥത്തില്‍ ഉള്ളതും മൂന്നും ശ്രേഷ്ഠവുമാണ് എന്നത്രെ ഗീത നിര്‍ദേശിക്കുന്നത്. അല്ലാതെ, മൂന്നാമത്തേത് വെറും സ്വപ്നസമാനമെന്നു കരുതാന്‍ പഴുതില്ല. കാരണം, അങ്ങനെ വിചാരിച്ചാല്‍ ഐഹികജീവിതത്തില്‍ ചെയ്യാവുന്ന നിരീക്ഷണ - മനന - ധ്യാന - കര്‍മങ്ങളിലൂടെ ശരിയായ അറിവിലേക്കു പോകാന്‍ സാധിക്കാതെ വരും.
(തുടരും)





