
ഗീതാദര്‍ശനം - 238
Posted on: 20 May 2009
ജ്ഞാനവിജ്ഞാനയോഗം
അവ്യക്തം വ്യക്തിമാപന്നം
മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തഃ
മമാവ്യയമനുത്തമം
നാശരഹിതവും സര്‍വോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ (യഥാര്‍ഥ) സ്വരൂപത്തെ അറിയാത്ത അവിവേകികള്‍ ഇന്ദ്രിയമനോബുദ്ധികള്‍ക്ക് വിഷയമല്ലാത്ത എന്നെ (പരമാത്മസ്വരൂപത്തെ) ശരീരാവലംബിയായി (സഗുണമൂര്‍ത്തിയായി) കണക്കാക്കുന്നു.
വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത പരബ്രഹ്മത്തെ ഇവിടം മുതല്‍ 27 വരെയുള്ള പദ്യങ്ങള്‍കൊണ്ട് ആവുംവിധം ചിത്രീകരിക്കുന്നു. മനോബുദ്ധികളും അവയുടെ ഉത്പന്നമായ വാക്കും അപരാപ്രകൃതിയുടെ ഭാഗമാണ്, ഇന്ദ്രിയങ്ങളുമതെ. പക്ഷേ, പരാപ്രകൃതിയുടെ സൃഷ്ടികളായ ഇവ അതേ പരാപ്രകൃതിയെ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുപാവ കടലിന്റെ ആഴമളക്കാന്‍ ഇറങ്ങിത്തിരിച്ചപോലെയേ ഇരിക്കൂ. മാത്രമല്ല, ഏതൊന്നിന്റെ ചേതനയാലാണോ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളെ കാണുന്നത്, മനസ്സിനു വിഷയങ്ങളെ സങ്കല്പിക്കാനും ബുദ്ധിക്ക് അറിയാനും കഴിയുന്നത്, അത് ആത്മാവ്. അതിനാല്‍ ആ ആത്മാവ് ഇപ്പറഞ്ഞ ഇന്ദ്രിയാദി ഉപകരണങ്ങള്‍ക്കൊന്നും ഗ്രഹിക്കാവുന്ന വിഷയമല്ല.
പരംപൊരുളിനെ മുഴുവനായി അറിയാനോ അതിനെപ്പറ്റി സമഗ്രമായി മറ്റൊരാളെ അറിയിക്കാനോ മാത്രമേ കഴിയായ്കയുള്ളൂ. 'അനുഭവിക്കാന്‍' കഴിയും. കാരണം, മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളുമൊക്കെ അതിന്റെ ചൈതന്യത്താലാണ് പ്രവര്‍ത്തിക്കുന്നത്. അവയിലെ അഴുക്കും വിഴുപ്പും പൂപ്പലും പൊടിയും ചെളിയും കളഞ്ഞ് വെടിപ്പാക്കിയാല്‍ പരംപൊരുളിനെ അനുഭവിച്ചുതുടങ്ങാം. ഈ പണി പൂര്‍ത്തിയാക്കിയവര്‍ മാതൃകകളായി നമ്മുടെ മുന്നിലുണ്ട് - കൃഷ്ണന്‍, ബുദ്ധന്‍, മഹാവീരന്‍, ക്രിസ്തു തുടങ്ങിയ ലോകാചാര്യന്മാര്‍. ഇവര്‍ എല്ലാ ചരാചരങ്ങളുടെയും ആത്മാവെന്ന നിലയില്‍ വാണു. ശരീരമനോബുദ്ധികളുപയോഗിച്ച് പ്രവര്‍ത്തിച്ചുവെങ്കിലും അവര്‍ എന്നുമെപ്പോഴും പരമാത്മാവായിരിക്കുന്നു. അ വതാരം പരമാത്മാവാണ്, പക്ഷേ, പരമാത്മാവ് അവതാരം മാത്രമല്ല. താത്ത്വികമായി പറഞ്ഞാല്‍ നാമെല്ലാരും അവതാരങ്ങളാണ്. നാമെല്ലാം ഒരേപോലെ പരമാത്മാവില്‍ സ്ഥിതി ചെയ്യുന്നു. പക്ഷേ, അങ്ങനെയാണെന്ന അനുഭവജ്ഞാനം നമുക്കില്ല. ഒരാളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി ഒരു തരിപോലും പരമാത്മാവ് വേറെ ആരിലും ഇല്ല. നമ്മില്‍ എല്ലാരിലും ഒരേ അളവില്‍ പരമമായ അറിവ് കുടത്തിനകത്തെരിയുന്ന വിളക്കുപോലെ സ്ഥിതി ചെയ്യുന്നു. ആകട്ടെ, ഈ അറിവ് വെളിപ്പെട്ടു കിട്ടാന്‍ എന്തുകൊണ്ടാണ് ഇത്ര പ്രയാസം?
(തുടരും)





