
ഗീതാദര്‍ശനം - 237
Posted on: 19 May 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാന യോഗം
അന്തവത്തു ഫലം തേഷാം
തത്ഭവത്യല്പമേധസാം
ദേവാന്‍ ദേവയജോ യാന്തി
മദ്ഭക്താ യാന്തി മാമപി
ദേവന്മാരെ പൂജിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പക്ഷേ, അല്പബുദ്ധികളായ അവര്‍ക്കു ലഭിക്കുന്ന (പ്രയത്‌നന) ഫലം അവസാനമുള്ളതായി ഭവിക്കുന്നു. എന്റെ (പരമാത്മാവിന്റെ) ഭക്തരാകട്ടെ, എന്നെ (പരമാത്മാവിനെ) പ്രാപിക്കുന്നു.
ഛാന്ദോഗ്യോപനിഷത്തില്‍, നമുക്കു ലഭിക്കാവുന്ന പരമമായ അറിവിനെയും ആനന്ദത്തെയും 'ഭൗമം' എന്നു വിളിക്കുന്നു. അതിന്റെ വിപരീതപദമാണ് 'അല്പം'. അറിവു 'തികയാത്ത'വനെയാണ് അല്പബുദ്ധി എന്നു പറഞ്ഞിരിക്കുന്നത്.
ദേവപദത്തിന് ഇവിടെ ഇന്ദ്രിയപ്രീതി ഉളവാക്കുന്ന വിഷയം എന്നേ അര്‍ഥം വരുന്നുള്ളൂ. ആനന്ദത്തെ ഭജിക്കാത്തവരായി ആരുമില്ല. ദുഃഖത്തെ ആരും ഭജിക്കാറില്ല. അതിനാല്‍ എല്ലാവരും ആനന്ദത്തെയും അതിനാല്‍ ആത്മാവിനെയും ആശ്രയിക്കുന്നവരാണ്. ഇന്ദ്രിയങ്ങളുടെ എല്ലാ ഇഷ്ടപ്രാപ്തികളും ആനന്ദം നല്കുന്നു. പക്ഷേ, തെല്ലിട കഴിഞ്ഞാല്‍ അത് തീര്‍ന്നു! ശ്രമകരമായി ചെയ്യുന്ന ഇത്രയും ഭജനം ആത്മസ്വരൂപത്തെ അറിയാനായിരുന്നെങ്കില്‍ ലഭിക്കുമായിരുന്നത് നിത്യാനന്ദമാണ്. ഈ തിരിച്ചറിവില്ലാതെ പോകുന്നത് 'കഷ്ടമേ കഷ്ടം!' എന്നുതന്നെ വ്യാസരുടെ കരുണാമയമായ നറുചിരി.
ആകട്ടെ, എന്തുകൊണ്ടാണ് ഈ തിരിച്ചറിവ് ഉണ്ടാകാതിരിക്കുന്നത്?
(തുടരും)





