githadharsanam

ഗീതാദര്‍ശനം - 236

Posted on: 18 May 2009

സി. രാധാകൃഷ്ണന്‍



സ തയാ ശ്രദ്ധയാ യുക്തഃ
തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്‍
മയൈവ വിഹിതാന്‍ ഹിതാന്‍

ആ (മേല്പറഞ്ഞ) ഭക്തന്‍ അപ്രകാരമുള്ള (ദൃഢമായ) വിശ്വാസത്തോടെ അതിനെ (ആ ദേവതയെ) ആരാധിക്കുന്നു. അതില്‍നിന്ന് (ആ ദേവത മുഖേന) അവന് ഞാന്‍തന്നെ നല്കുന്ന ഇഷ്ടഫലങ്ങള്‍ കിട്ടുകയും ചെയ്യുന്നു എന്ന് സ്​പഷ്ടം.

എല്ലാ കര്‍മങ്ങളും ബ്രഹ്മത്തില്‍നിന്ന് ഉണ്ടാകുന്നവയാണ്. ('കര്‍മ ബ്രഹ്മോത്ഭവം വിദ്ധി' - 3, 15). ആത്യന്തിക ഊര്‍ജം ബ്രഹ്മമായതുതന്നെ കാരണം. അനുഭവങ്ങള്‍ക്കും ആസ്​പദം ബ്രഹ്മംതന്നെ. ഉപാസകന്‍ സകാമിയായാലും ഭജനം ഊര്‍ജസിദ്ധിക്ക് ഹേതുവായി ഭവിക്കുന്നു. അതായത്, ഭജിക്കുന്നവന്റെ അഭീഷ്ടം ഇഷ്ടദേവത വഴിയായി സഫലീകരിക്കുന്നത് പരമാത്മാവുതന്നെയാണ്.

നാനാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഭൂലോകത്ത് സഹവര്‍ത്തിക്കുന്നു. പശു മുതല്‍ ഉപ്പുമാങ്ങയിലെ കൂത്തന്‍ വരെയും നവഗ്രഹങ്ങള്‍ മുതല്‍ കല്‍ത്തുണ്ടു വരെയും കുട്ടിച്ചാത്തന്‍ മുതല്‍ മലമുത്തി വരെയും ആരാധിക്കപ്പെടുന്നു. ഈ ബഹുസ്വരതയുടെ പിന്നിലെ ഏകത്വമാണ് ഗീത അനാവരണം ചെയ്യുന്നത്. എല്ലാം ഒരേ തിരക്കഥയിലെ സീനുകളാണ്. സംവിധായകന്‍ ഒന്നേ ഉള്ളൂ. ഭജനം ശരിയായാല്‍ എല്ലാ ആരാധനയും ഫലവത്താണ്.

താന്താങ്ങളുടെ വിശ്വാസവും ആരാധനക്രമവും മാത്രമാണ് ശരി എന്നു ശഠിച്ച് തമ്മില്‍ത്തല്ലുന്നവര്‍ ഈ ഒരേയൊരു കാര്യം ഓര്‍ത്താല്‍ ദുരന്തങ്ങള്‍ ഒഴിവായിക്കിട്ടും. ഇതോര്‍ക്കുന്നതോടെ ശരിയായ അറിവിലേക്കുള്ള വാതില്‍ തുറന്നുകിട്ടുകയും ചെയ്യും. കാരണം, അന്യന്റെ ഇഷ്ടദേവതയും അസത്യമല്ലെന്ന തിരിച്ചറിവ് ഒരു വലിയ വെളിപാടാണല്ലോ.

ഇഷ്ടദേവതാരാധനയുടെ ഇടത്താവളത്തില്‍ തങ്ങിയവര്‍ക്ക് അവിടംവിട്ട് മുന്നോട്ടുള്ള യാത്ര തുടരാന്‍, തങ്ങളുടെ പ്രയത്‌നനത്തിന്റെ ഫലപരിമിതി മനസ്സിലാവുകയേ വേണ്ടൂ.

(തുടരും)



MathrubhumiMatrimonial