githadharsanam

ഗീതാദര്‍ശനം - 235

Posted on: 17 May 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനവിജ്ഞാന യോഗം


യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്‍ച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം

ഏതേത് ഭക്തന്‍ ഏതേത് ദേവതാരൂപത്തെ വിശ്വാസത്തോടെ പൂജിക്കുന്നതിന് ഇച്ഛിക്കുന്നോ അതത് ഭക്തന്റെ ആ വിശ്വാസത്തെത്തന്നെ ഞാന്‍ ദൃഢമാക്കി ചെയ്യുന്നു.
നമ്മുടെ സ്ഥിരചിന്ത എപ്രകാരമോ നാം അപ്രകാരമായി തീരുന്നു ('യദ്ഭാവഃ തദ്ഭവതിഃ') എന്നത് മനഃശാസ്ത്രപരമായ യാഥാര്‍ഥ്യമാണ്. വാസനാനുസാരമാണ് ചിന്ത പിറക്കുന്നത്. ആയിത്തീരേണ്ടതും നേടേണ്ടതും എന്തെന്ന ഉറച്ച ചിന്തയുണ്ടായാല്‍ അത് ആയിത്തീരുകയും നേടുകയും ചെയ്യുന്നു. (മറിച്ചുമുണ്ട്: ഒരു രോഗത്തെ ഭയപ്പെട്ട് എപ്പോഴും അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആ രോഗം വരാന്‍ എളുപ്പമായേക്കാം. മറ്റൊരാള്‍ക്കുണ്ടായിക്കാണണം എന്നു വിചാരിക്കുന്ന നാശത്തെപ്പറ്റി സ്ഥിരമായി ചിന്തിച്ചാല്‍ നമുക്കുതന്നെയാവും ആ നാശം സംഭവിക്കുക. മറ്റൊരാളെ എപ്പോഴും കുറ്റം പറഞ്ഞാല്‍ അയാളുടെ പാപം നശിക്കുകയും നാമത് ഏറ്റെടുക്കുകയും ചെയ്യുന്നു എന്നു പറയാറുണ്ടല്ലോ.)വാസന-ജന്മം-വാസന എന്ന ചങ്ങലയില്‍ ഇടയ്ക്കുവെച്ച് ഓര്‍ക്കാപ്പുറത്തെന്നപോലെ ജീവികളില്‍ പരിണാമങ്ങള്‍ സംഭവിക്കുന്നത് ഒരു മഹാത്ഭുതമാണ്. ആധുനിക ജീവശാസ്ത്രം അനുസരിച്ച് ജീവന്റെ ആദ്യരൂപം ഭൂമിയില്‍ ഉണ്ടായിട്ട്, 3,00,000,000 കൊല്ലമായി. പല പടികള്‍ കടന്ന് മനുഷ്യന്‍ ഉണ്ടായി ഇത്രയുമായിട്ടും അവനു മുമ്പുണ്ടായ ജീവരൂപങ്ങള്‍ അപ്പാടെ ഇല്ലാതായിട്ടില്ല. അവയില്‍ പലതിനും നിലനില്പിനുള്ള ശേഷി വേണ്ടത്ര ഉണ്ടെന്നര്‍ഥം. അപ്പോള്‍ വാസനാപരിണാമത്തില്‍നിന്നാണ് ജീവപരിണാമം ഉണ്ടാകുന്നതെന്നേ കരുതാനാവൂ. മനുഷ്യനിലെത്തുവോളം ഈ വാസനാപരിണാമം പ്രപഞ്ചജീവന്‍ സ്വയം (അവതാരങ്ങളായി) ആവിഷ്‌കരിച്ചു. പിന്നീടും വാസനാപരിണാമനിദര്‍ശനങ്ങളായി അവതാരങ്ങളുണ്ടായി. മനുഷ്യനില്‍ ആദിജീവന്‍േറതടക്കമുള്ള എല്ലാ വാസനകളും ഇപ്പോഴും കുടികൊള്ളുന്നു. അതിന്റെ കൂടെ ആത്മസ്വരൂപാഭിമുഖ്യമെന്ന വാസനാപരിണാമവും. ഈ വാസനാമിശ്രം ബഹുസ്വരങ്ങളായ വിശ്വാസങ്ങളായി പ്രകടമാകുന്നു.
(തുടരും)



MathrubhumiMatrimonial