githadharsanam

ഗീതാദര്‍ശനം - 234

Posted on: 16 May 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനവിജ്ഞാന യോഗം


കാമൈസൈ്ത സൈ്തര്‍ഹൃത ജ്ഞാനാഃ
പ്രപദ്യന്തേശന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകൃത്യാ നിയതാഃ സ്വയാ

(പലരും) സ്വപ്രകൃതിയാല്‍ നയിക്കപ്പെട്ട് ഓരോ വിധം കാമങ്ങളാല്‍ ജ്ഞാനം അപഹരിക്കപ്പെട്ടവരായിട്ട് മറ്റു ദേവതകളെ, അതത് നിയമത്തെ ആശ്രയിച്ച്, ശരണം പ്രാപിക്കുന്നു.
'പ്രകൃതി' എന്നാല്‍ ജന്മാന്തരങ്ങളില്‍ സമ്പാദിച്ച സംസ്‌കാരവിശേഷം എന്ന് അര്‍ഥം പറഞ്ഞുകൊണ്ട് ആചാര്യസ്വാമികള്‍ തുടരുന്നു: ''പുത്രപശുസ്വര്‍ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേകവിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന് അന്യന്മാരായ ദേവന്മാരെ ശരണം പ്രാപിക്കുന്നു. അവര്‍ തങ്ങളുടെ പ്രകൃതിക്ക് വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക് പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു.''
എന്തിലെയും സത്തായ പ്രകാശമാണ് അതിലെ ദേവത. ഏത് ദേവതയെ പ്രീതിപ്പെടുത്താനുദ്ദേശിക്കുന്നുവോ അതിനു പ്രത്യേകം ഉപാധികളും കീഴ്‌വഴക്കങ്ങളും നിയമങ്ങളും നിലവില്‍ വരുന്നു. യാഗാദി കര്‍മങ്ങളെ മാത്രമല്ല എല്ലാ പരാവിദ്യകളെയും ദേവതോപാസനകളായി കരുതാം. ഓരോ ശരണവിഷയവും അതിനോട് വേഗത്തില്‍ ഇണങ്ങുന്ന വാസനയെ ഉദ്ദീപിപ്പിക്കുന്നു. ഈ ഉദ്ദീപനത്താല്‍ കൊടുങ്കാറ്റിനാലെന്ന മട്ടില്‍ നയിക്കപ്പെടുന്നത് ഒരുമാതിരി മനോരോഗം ബാധിച്ചപോലെയാണ്. ആ പ്രേരണയെയാണ് മനഃശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നത്. ഇതുവേറെ, ആത്മസ്വരൂപദര്‍ശനത്തിലേക്ക് ആകൃഷ്ടമാകുന്ന വഴിയും മുറയും വേറെ. ശരിയായ അറിവിന്റെ അഭാവമാണ് കാതലായ വ്യത്യാസം.
ആര്‍ത്തന്മാരും അര്‍ഥാര്‍ഥികളും ചിലപ്പോള്‍ ജിജ്ഞാസുക്കള്‍പോലും ('ഒക്കുമോ എന്നറിയണ്ടേ?' എന്നും 'ഒത്താലായല്ലോ!' എന്നും) ഇത്തരം ഇടത്താവളത്തില്‍ കുടുങ്ങിപ്പോകുന്നു. പൂജാവിധികളും ആരാധനക്രമങ്ങളുമായി ഇക്കൂട്ടരുടെ ജന്മം കഴിയുന്നു.
താന്താങ്ങളുടെ ഉപാസനയില്‍ ഇവര്‍ക്കുള്ള വിശ്വാസദാര്‍ഢ്യത്തിന് എന്താണ് അടിസ്ഥാനം?

(തുടരും)



MathrubhumiMatrimonial