
അപൂര്‍വയിനം ആമകളെയും മൂങ്ങകളെയും പിടിച്ചു
Posted on: 14 May 2009
കടയ്ക്കല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന അപൂര്‍വയിനം ആമകളെയും മൂങ്ങകളെയും പോലീസ് പിടിച്ചെടുത്തു. രണ്ട് മൂങ്ങകളെയും രണ്ട് ആമകളെയും കടയ്ക്കല്‍ കുറ്റിക്കാട്ടുള്ള വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. വിമുക്തഭടന്‍ കുറ്റിക്കാട് വേഴുവിള പുത്തന്‍വീട്ടില്‍ അജയകുമാറി(46)ന്റെ വീട്ടിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. അജയകുമാറിനെ കൂടാതെ ഇവയുടെ കച്ചവടത്തിനെത്തിയ ഇടനിലക്കാരായ സുല്‍ത്താന്‍ബത്തേരി അറയ്ക്കല്‍ സ്വദേശി അമീര്‍ (21), നിലമേല്‍ അയിഷാമന്‍സിലില്‍ നാദിര്‍ഷാ (45), പാലോട് ഇടവം ജൂലി കോട്ടേജില്‍ ഭുവനചന്ദ്രന്‍ (36), പാലാ സ്വദേശിയും തിരുവനന്തപുരത്ത് ആറ്റുകാലില്‍ താമസക്കാരനുമായ സുഭാഷ് (31) എന്നിവരെയാണ് കടയ്ക്കല്‍ സി.ഐ. ദേവമനോഹര്‍, എസ്.ഐ. സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നാദിര്‍ഷായുടെ ഉടമസ്ഥതയില്‍ നിലമേലുള്ള കെട്ടിടത്തില്‍ തമ്പടിച്ചിരുന്ന സംഘത്തെ കഴിഞ്ഞദിവസം സംശയകരമായ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനിടയിലാണ് സംഭവം പുറത്തായത്. ഇതിനെ തുടര്‍ന്ന് പോലീസ് കുറ്റിക്കാട്ടെത്തി അജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ സൂക്ഷിച്ചിരുന്ന മൂങ്ങകളെയും വീട്ടിന് പുറത്തുള്ള കൂട്ടില്‍നിന്ന് ആമകളെയും കസ്റ്റഡിയിലെടുത്തു.
അപൂര്‍വ വന്യജീവികളെ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തിളങ്ങുന്ന വലിയ കണ്ണുകളും അമിത വലുപ്പവുമുള്ള മൂങ്ങകള്‍ അത്യപൂര്‍വ ഇനത്തില്‍പ്പെട്ടവയാണെന്ന് വനംവകുപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലത്തെത്തിയ അഞ്ചല്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി.കെ.സുധീര്‍, ഫോറസ്റ്റര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആമകളെയും മൂങ്ങകളെയും കൈമാറി.




