
ഗീതാദര്‍ശനം - 233
Posted on: 15 May 2009
ജ്ഞാനവിജ്ഞാന യോഗം
ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന്‍ മാം പ്രപദ്യതേ
വാസുദേവഃ സര്‍വമിതി
സ മഹാത്മാ സുദുര്‍ലഭഃ
ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞ് 'സര്‍വവും വാസുദേവന്‍തന്നെ' എന്ന ബോധമുണര്‍ന്ന് എന്നെ പ്രാപിക്കുന്നു. അത്തരം മഹാത്മാക്കള്‍ വളരെ വിരളമാണ്.
പ്രകാശരൂപേണ സര്‍വപ്രാണികളിലും വസിക്കുന്ന ജീവന്‍ അഥവാ പ്രകാശതത്ത്വമാണ് വാസുദേവന്‍ (പാരമേശ്വരി). വ്യാസര്‍ വാസുദേവശബ്ദത്തിനു വ്യുല്‍പ്പത്തി പറയുന്നത് 'സത്ത്വം വിശുദ്ധം' എന്നാണ്. മിഥ്യയെന്നും സത്യമെന്നും വേര്‍തിരിക്കാതെ എല്ലാത്തിനെയും വാസുദേവനായി കാണാന്‍ കഴിയുമെന്നാണ് രാമാനുജമതം.ജീവന്റെ വികാസപരിണാമപ്രക്രിയ വളരെ മെല്ലെയാണ് നടക്കുന്നതെന്ന് ഡാര്‍വിനു മുമ്പേതന്നെ ഋഷിമാര്‍ ഗ്രഹിച്ചിരുന്നു. പോരായ്മകളും വൈകൃതങ്ങളും വൈകല്യങ്ങളും കുറഞ്ഞു കുറഞ്ഞ് ജീവന്റെ വടിവ് ചേലായിക്കിട്ടുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ്. അതായത് ആത്മജ്ഞാനത്തിലെത്താന്‍ ജീവനു വളരെ ജന്മങ്ങള്‍ പിന്നിടേണ്ടതുണ്ട്. മനുഷ്യന്‍ വരെയുള്ള പരിണാമദശകളില്‍ അതു പരമാത്മപ്രഭാവത്താല്‍ സ്വയമേവ സംഭവിക്കുന്നു. അതിനെ ത്വരപ്പെടുത്താനുള്ള കഴിവുകൂടി മനുഷ്യന് ഉണ്ട്. ഈ കഴിവിന്റെ തന്നെ ഭാഗമായി, പക്ഷേ, എതിര്‍ദിശയില്‍ പോകാനുള്ള സ്വാതന്ത്ര്യംകൂടി കൈവരുന്നു. അതിനാല്‍ ആത്മശ്രേയസ്സിനായി പ്രയത്‌നനിക്കാന്‍ അമാന്തിക്കരുതെന്ന് അനുശാസിക്കയാണ്, അല്ലാതെ 'അനന്തകാലം കഴിഞ്ഞേ ഗതി കിട്ടൂ' എന്നു പറഞ്ഞ് ആരെയും നിരാശരാക്കുകയല്ല, ഈ പ്രസ്താവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ യാത്രയില്‍ വഴിയമ്പലങ്ങളില്‍ സ്ഥിരവാസമാക്കരുത് എന്ന താക്കീതാണ് അടുത്തത്.
(തുടരും)





