githadharsanam

ഗീതാദര്‍ശനം - 232

Posted on: 14 May 2009


ജ്ഞാനവിജ്ഞാന യോഗം


ഉദാരാഃ സര്‍വ ഏവൈതേ
ജ്ഞാനീത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം

ഇപ്പറഞ്ഞവരെല്ലാം ഉല്‍കൃഷ്ടര്‍തന്നെ. എന്നാല്‍, ജ്ഞാനിയും ഞാനും രണ്ടല്ല എന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍, അവന്‍ എന്നില്‍ ഉറപ്പിച്ച ചിത്തത്തോടുകൂടി എന്നെത്തന്നെ സര്‍വോത്തമമായ ലക്ഷ്യമായി ആശ്രയിച്ചിരിക്കുന്നവനാകുന്നു.
ഈശ്വരനായിത്തീരാനുള്ള വഴി എന്തെന്ന് ഭംഗ്യന്തരേണ പറയുന്നു. ഈശ്വരനില്‍ ഉറച്ച ചിത്തമുണ്ടാവുക, സര്‍വോത്തമമായ ലക്ഷ്യമായി ഈശ്വരനെ ആശ്രയിക്കുക. ഇതിനു പരിപൂര്‍ണമായും ഈശ്വരനില്‍ സ്വയം സമര്‍പ്പിക്കണം. ആ സമര്‍പ്പണത്തില്‍ കറയറ്റ സ്വാതന്ത്ര്യവും വിശുദ്ധിയും പരമമായ സൗന്ദര്യവും കണ്ടെത്താനാവണം.
അപ്പോള്‍ മറ്റു മൂന്നു വിഭാഗക്കാരോ? അവര്‍ക്ക് എന്തു സംഭവിക്കും? ആര്‍ത്തത മാറാനോ ആഗ്രഹം സാധിക്കാനോ അറിവു നേടാനോ ഒക്കെ ഭജിക്കുന്നവരില്‍ ചിലരെങ്കിലും ആദ്യപടി കടന്ന് പരമാത്മസ്വരൂപത്തില്‍ തത്പരരാകാം. അവരില്‍ പോകെപ്പോകെ ആ താത്പര്യം വര്‍ധിക്കും. അതനുസരിച്ച് ജ്ഞാനസമ്പാദനത്തില്‍ അഭിരുചിയും പെരുകും. ഈ മൂവരില്‍ ജിജ്ഞാസുവിനാണ് വഴിത്തിരിവിലെത്താന്‍ കൂടുതല്‍ എളുപ്പം. ഭജനം അധികമധികം ആത്മാര്‍ഥമാകുമ്പോള്‍ മറ്റു രണ്ടു കൂട്ടരും ജിജ്ഞാസുക്കളാകാന്‍ സാധ്യതയുമുണ്ട്.
(തുടരും)



MathrubhumiMatrimonial