githadharsanam

ഗീതാദര്‍ശനം - 231

Posted on: 13 May 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനവിജ്ഞാന യോഗം


തേഷാം ജ്ഞാനീ നിത്യയുക്തഃ
ഏകഭക്തിര്‍വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ശത്യര്‍ഥം
അഹം സ ച മമ പ്രിയഃ

ഇവരില്‍വെച്ച് സദാ എന്നില്‍ത്തന്നെ നിഷ്ഠയോടും എന്നില്‍ത്തന്നെ ഭക്തിയോടുംകൂടി ഇരിക്കുന്ന ജ്ഞാനി വിശിഷ്ടനാകുന്നു. അവന് ഞാനും എനിക്ക് അവനും ഏറ്റവും പ്രിയനാണ്.

'നിത്യയുക്തന്‍' എന്നാല്‍ ചിത്തം പരമാത്മാവില്‍ തീര്‍ത്തും ഉറച്ചവന്‍. അന്യചിന്തകളില്ലാതെ ആത്മതത്ത്വത്തെ മാത്രം അനുസന്ധാനം ചെയ്യുന്നവനാണ് ജ്ഞാനിയെന്ന് 'ഏകഭക്തിഃ' എന്ന വിശേഷണം സൂചിപ്പിക്കുന്നു.

പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിനേ വിശുദ്ധിയുള്ളൂ. ദിവ്യപ്രേമം ആത്മസമര്‍പ്പണത്തിലൂടെ ഹൃദയൈക്യം സ്ഥാപിക്കുന്നു. അതു പൂര്‍ണമാകണമെങ്കില്‍ അതേ അളവില്‍ പ്രേമം തിരിച്ചുകിട്ടണം. സമീപനംപോലെയിരിക്കും പ്രതികരണമെന്ന് നിത്യജീവിതത്തില്‍ അനുഭവമുണ്ടല്ലോ. സ്നേഹിച്ചാല്‍ സ്നേഹം തിരികെ കിട്ടുന്നു, വെറുത്താല്‍ വെറുപ്പും. മൃഗങ്ങളും സസ്യങ്ങളുംപോലും ആത്മാര്‍ഥസ്നേഹം തിരികെ നല്കുന്നു. സ്നേഹിക്കപ്പെടണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ: സ്നേഹിക്കുക. ഈശ്വരവിഷയത്തിലായാലും വഴി ഇതുതന്നെ. ജ്ഞാനി സ്വസ്വരൂപദര്‍ശനത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കയാല്‍പരസ്​പരസ്നേഹംപൂര്‍ണമായലയംവരെ എത്തിയിരിക്കുന്നു.

(തുടരും)



MathrubhumiMatrimonial