ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കടല്‍ കാലിയാക്കുന്നു

Posted on: 11 May 2009

-സ്വന്തം ലേഖകന്‍



കൊല്ലം:ചെറുകിട ബോട്ടുകള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കടല്‍ കാലിയാക്കുന്നു. മത്സ്യസമ്പത്ത് കുത്തിവാരുന്നതിനു പുറമേ കടലില്‍ മലിനീകരണപ്രശ്‌നവും ഇവ സൃഷ്ടിക്കുന്നു.


സാധാരണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് 36 അടി നീളവും പരമാവധി 100 കുതിരശക്തിയുള്ള എന്‍ജിനുമാണുള്ളത്. ചൈനീസ് യന്ത്രം ഘടിപ്പിച്ച ബോട്ടുകള്‍ക്ക് 58 അടി വരെ നീളവും 250 കുതിരശക്തിയുള്ള എന്‍ജിനുമുണ്ട്. സാധാരണ മത്സ്യബന്ധന ബോട്ടുകളുടെ മൂന്നിരട്ടി വേഗവും അതിനാല്‍ ഇവയ്ക്കുണ്ട്.

സാധാരണ ബോട്ടുകളുടെ എന്‍ജിന് പരമാവധി ആറുലക്ഷം രൂപ വിലയുള്ളപ്പോള്‍ ചൈനീസ് എന്‍ജിന് പത്തുലക്ഷം രൂപയാണ് വില. എന്‍ജിന്‍ നിര്‍മ്മാണത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ കടലിലും കരയിലും ഇവ മലിനീകരണപ്രശ്‌നം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നീണ്ടകര-ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖങ്ങളിലായി 1,200 ബോട്ടുകളാണുള്ളത്. ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച 35 എണ്ണം മാത്രമേ ഉള്ളൂവെങ്കിലും അവ സൃഷ്ടിക്കുന്ന പ്രശ്‌നം ഗുരുതരമാണ്. സംസ്ഥാനത്തൊ ട്ടാകെ 3,500 മത്സ്യബന്ധനബോട്ടുകള്‍ ഉള്ളതില്‍ ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ചവ 70 വരും.

ചൈനീസ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ നിരോധിക്കണമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്.ജെയിംസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ന്യായമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്നകുമാര്‍ പറഞ്ഞു. എന്നാല്‍ മത്സ്യബന്ധനബോട്ടുകളില്‍ ഉപയോഗിക്കുന്ന എന്‍ജിന്റെ കുതിരശക്തിക്ക് പരിധി ഏര്‍പ്പെടുത്താത്തതുമൂലം പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

അതിനിടെ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഈവര്‍ഷവുമുണ്ടെന്ന് ഉറപ്പായി. ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ 47 ദിവസമായിരിക്കും ട്രോളിങ്‌നിരോധനം. ഇതിനു മുന്നോടിയായി 15 മുതല്‍ നീണ്ടകര ഉള്‍പ്പെടെയുള്ള മത്സ്യബന്ധന തുറമുഖങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും.

ട്രോളിങ് നിരോധനകാലം ഏകീകരിക്കണമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ട്രോളിങ് നിരോധനകാലമാണ്. ജൂണ്‍ 15ന് കേരളത്തില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ പിന്‍വലിക്കും. അവിടെ നിന്നുള്ള ബോട്ടുകള്‍ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ എത്തി മീന്‍ പിടിക്കും.

ട്രോളിങ് നിരോധനകാലത്ത് വിദേശ ട്രോളറുകള്‍ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുന്നത് ഫലപ്രദമായി തടയാനും ഇപ്പോള്‍ സംവിധാനമില്ല.



MathrubhumiMatrimonial