
വന്യജീവി വില്‌പനസംഘത്തെ പിടികൂടി
Posted on: 08 May 2009
-സ്വന്തം ലേഖകന്‍
അഗളി: അട്ടപ്പാടിയില്‍നിന്ന് മൂങ്ങയെയും ഇരുതലയന്‍ പാമ്പിനെയും വില്പന നടത്തുന്ന സംഘത്തെ വനംവകുപ്പധികൃതര്‍ പിടികൂടി. മൂങ്ങവില്പന സംഘത്തില്‍പ്പെട്ട ദൊഡുഗട്ടി സ്വദേശി രങ്കന്‍ (36), കൊട്ടമേട് സ്വദേശി മണികണുന്‍ (26), നെല്ലിപ്പതി സ്വദേശി ശിവകുമാര്‍ (29) എന്നിവരെ മട്ടത്ത്ക്കാടുനിന്നാണ് പിടികൂടിയത്. ഇരുതലയന്‍പാമ്പ് വില്പനനടത്തുന്ന സംഘം പിടിയിലായത് കോട്ടത്തറ ആരോഗ്യമാത ജങ്ഷനില്‍നിന്നാണ്. തമിഴ്‌നാട് വെളിയംകാട് സ്വദേശികളായ ദേവസഹായം (36), കൃഷ്‌നസ്വാമി (48), വെള്ളിങ്കിരി (43), ശെല്‍വരാജ് (28), രാജ്കുമാര്‍ (19) എന്നിവരാണ് പടിയിലായ സംഘത്തിലുള്ളത്. അഗളി-അട്ടപ്പാടി റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു മൂങ്ങയെയും രണ്ട് ഇരുതലയന്‍ പാമ്പിനെയും കണ്ടെടുത്തു. പ്രതികള്‍സഞ്ചരിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അട്ടപ്പാടിയില്‍നിന്ന് വന്‍തോതില്‍ വെള്ളിമൂങ്ങകളെയും ഇരുതലയന്‍ പാമ്പുകളെയും കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവ വാങ്ങാനെത്തുന്നവരായി വേഷംമാറിയാണ് അധികൃതര്‍ എത്തിയത്.
മൂങ്ങവില്പന സംഘത്തില്‍പ്പെട്ട ഷോളയൂര്‍ സ്വദേശി പൊന്നുസ്വാമി, ദൊഡുഗട്ടി സ്വദേശി രങ്കസ്വാമി, ജീപ്പ് ഡ്രൈവര്‍ സുരേഷ്, ഇരുതലയന്‍പാമ്പ് വില്പന സംഘത്തിലെ മുഖ്യപ്രതിയായ മൊട്ടയ്യന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
വെള്ളിമൂങ്ങകളെ ആവശ്യമുണ്ടെന്നുപറഞ്ഞ് ഒരാള്‍ നെല്ലിപ്പതിസ്വദേശി ശിവകുമാറിനെ സമീപിക്കുകയായിരുന്നു. ഒരു മൂങ്ങയ്ക്ക് 80,000 രൂപ വീതം ആവശ്യപ്പെട്ട കുമാറുമായി കച്ചവടമുറപ്പിച്ചു. തുടര്‍ന്ന് പൊന്നുസ്വാമിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂങ്ങയെ ബുധനാഴ്ച വൈകീട്ട് കൈമാറാമെന്ന ധാരണയില്‍ ഇരുകൂട്ടരും മട്ടത്ത്ക്കാട് ഭാഗത്തേക്ക് വന്നു. മുഴുവന്‍ പണവും ചോദിച്ച പ്രതികളോട് മൂങ്ങയെ കാണിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ സംഘത്തെവളഞ്ഞ് പിടികൂടുകയായിരുന്നു.
സമാനമായ രീതിയിലാണ് ഇരുതലയന്‍പാമ്പ് വില്പനസംഘത്തെയും പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘം പിടിയിലായത്. ഇവര്‍ പാമ്പിന് 10,000 രൂപ വീതം ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. വെള്ളിമൂങ്ങയെന്നുപറഞ്ഞ് സാധാരണ കാട്ടുമൂങ്ങയെയാണ് സംഘം കൊണ്ടുവന്നതെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.
അഗളി റേഞ്ച് ഓഫീസര്‍ നോബര്‍ട്ട് ദിലീപ്, അട്ടപ്പാടി റേഞ്ച് ഓഫീസര്‍ ബി. ഹരിശ്ചന്ദ്രന്‍, ഫോറസ്റ്റര്‍മാരായ കെ. ഉദയകുമാര്‍, അനില്‍ ചക്രവര്‍ത്തി, രവീന്ദ്രന്‍, ഗാര്‍ഡുമാരായ അനില്‍കുമാര്‍, കാളിമുത്തു, ഇ. രമേഷ്, മുഹമ്മദ്ഹാഷിം തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് ആളുകള്‍ വെള്ളിമൂങ്ങയെയും ഇരുതലയന്‍ പാമ്പിനെയും പിടിക്കുന്നതെന്നും ഇവയ്ക്ക് യാതൊരുവിധ ഔഷധഗുണവുമില്ലെന്നും റേഞ്ച് ഓഫീസര്‍ നോബര്‍ട്ട് ദിലീപ് പറഞ്ഞു.




