githadharsanam

ഗീതാദര്‍ശനം - 229

Posted on: 10 May 2009


ജ്ഞാനവിജ്ഞാന യോഗം



ന മാം ദുഷ്‌കൃതിനോ മൂഢാഃ
പ്രപദ്യന്തേ നരാധമഃ
മായയാപഹൃതജ്ഞാനാഃ
ആസുരം ഭാവമാശ്രിതാഃ

പാപികളായും മൂഢരായും മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരായും ആസുരസ്വഭാവത്തെ പ്രാപിച്ച മനുഷ്യാധമന്മാര്‍ എന്നെ ഭജിക്കുന്നില്ല.
യജ്ഞഭാവനയോടെയല്ലാതെയുള്ള പ്രവൃത്തി ദുഷ്‌കൃത്യം അഥവാ പാപം. അതില്‍ മുഴുകിയ മാനസികാവസ്ഥ മൗഢ്യം. പ്രത്യക്ഷമായതില്‍നിന്ന് അന്യമായ സത്യമില്ലെന്ന നിലപാടു കാരണം അറിവില്‍നിന്ന് അകന്നു നില്ക്കുന്നവന്റെ ജ്ഞാനസാധ്യത മായയാല്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ബാഹ്യവിഷയങ്ങളില്‍ ഭ്രമിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തിത്തരുന്നവയാണെങ്കില്‍ ഇന്ദ്രിയങ്ങള്‍ ദൈവീസ്വഭാവമുള്ളവയാണ്. വിവേകത്തിന് ഒട്ടും ഇടംകൊടുക്കാതെ വിഷയങ്ങളില്‍ മനസ്സിനെ മോഹിപ്പിക്കുന്നവയാണ് അവയെങ്കില്‍ ആസുരമാണ്. (നാനാഗതികളായ വിഷയങ്ങളോടുകൂടിയ പ്രാണനക്രിയകളാണ് അസുക്കള്‍. അവയില്‍ രമിക്കുന്നവര്‍ അസുരന്മാര്‍. ആസുരീഭാവവും ദൈവീഭാവവും എന്തെന്ന് ദൈവാസുരസമ്പദ്‌വിഭാഗയോഗമെന്ന പതിനാറാമധ്യായത്തില്‍ വിസ്തരിക്കുന്നുണ്ട്.)
മായയില്‍നിന്നുകൊണ്ടുതന്നെ മായയുടെ കെട്ടുപാടുകളെ മറികടക്കണം. ജ്ഞാനേന്ദ്രിയങ്ങള്‍ നല്കുന്ന ബോധങ്ങളില്‍നിന്നാണ് അറിവിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. മായക്കാഴ്ചകള്‍ ഉപേക്ഷണീയങ്ങളല്ല. കയര്‍ പാമ്പല്ലെന്ന് തിരിച്ചറിയാനും വേണ്ടേ, ഇന്ദ്രിയങ്ങളെയും ഒപ്പം കയറിനെയും ആശ്രയിക്കുക?

(തുടരും)



MathrubhumiMatrimonial