
ഗീതാദര്‍ശനം - 228
Posted on: 09 May 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാന യോഗം
ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ
(ത്രി)ഗുണമയിയും ദൈവീപ്രകൃതിയുമായിരിക്കുന്ന എന്റെ ഇപ്പറഞ്ഞ മായയെ മറികടക്കുന്നത് ക്ലേശകരംതന്നെ. (എന്നാല്‍) ആര്‍ എന്നെത്തന്നെ ശരണം പ്രാപിക്കുന്നുവോ അവര്‍ ഈ മായയെ തരണം ചെയ്യുന്നു.
(മൂന്നു കാലത്തിലും അന്യാപേക്ഷ കൂടാതെ പ്രകാശിക്കുന്നത് ദേവന്‍ അഥവാ നിര്‍വിശേഷമായ പരമാത്മാവ്. ആ പരമാത്മാവില്‍, ആകാശത്തില്‍ നീലവര്‍ണംപോലെ, പ്രാതിഭാസികമായി സ്ഥിതി ചെയ്യുന്നത് ദൈവി.).
പരമാത്മപ്രതിഭാസംതന്നെയാണ് ത്രിഗുണമയിയായ മായ. അതിന്റെ മറുകര പറ്റുക എളുപ്പമല്ല. ഒരു തോണിയേ അതിനുതകൂ. പരമാത്മാവിനെക്കുറിച്ചുള്ള ശരിയായ അറിവാകുന്ന തോണി. പരംപൊരുളിലുള്ള തികഞ്ഞ അര്‍പ്പണഭാവംകൊണ്ടേ ആ തോണി തുഴയാനാകൂ.
അറിവു പുരോഗമിക്കുമ്പോള്‍ നമുക്കു മനസ്സിലാവുന്നു, ഉദയാസ്തമയങ്ങള്‍ ഉള്‍പ്പെടെയുള്ളതെല്ലാം നമ്മുടെ പ്രത്യക്ഷാനുഭൂതികള്‍ മാത്രമാണെന്ന്. അറിവിന്റെ മുന്നേറ്റം ആത്യന്തികതലത്തില്‍-ഈശ്വരനില്‍-എത്തുന്നതോടെ പ്രാപഞ്ചികാനുഭൂതികള്‍ തീര്‍ക്കുന്ന പൊള്ളയായ യാഥാര്‍ഥ്യബോധങ്ങളില്‍നിന്ന് നാം തീര്‍ത്തും മോചിതരാകുന്നു. നാം നേരായ അറിവുതന്നെ ആയിത്തീരുന്നു. വൈരുധ്യങ്ങളുടെ മറുകര പ്രാപിക്കുമ്പോള്‍ ഏകവും നിത്യവുമായ പരമാത്മസ്വരൂപത്തില്‍ എത്തുന്നു. ഇതുതന്നെ ജീവന്മുക്തി.
അറിവിലൂടെയല്ലാതെ മായയെ അതിജീവിക്കാന്‍ പറ്റില്ല. അതിനാലാണ് 'നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ' (4, 38) എന്നു പറഞ്ഞത്.
ചിത്രം പൂര്‍ത്തിയാക്കാന്‍ അറിവില്ലായ്മയുടെ ഫലംകൂടി പറയുന്നു.
(തുടരും)





