githadharsanam

ഗീതാദര്‍ശനം - 227

Posted on: 08 May 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനവിജ്ഞാനയോഗം


ത്രിഭിര്‍ഗുണമയൈര്‍ഭാവൈഃ
ഏഭി സര്‍വമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം

ത്രിഗുണമയങ്ങളായ ഈ സ്വഭാവങ്ങളാല്‍ ഈ ലോകം മുഴുവന്‍ അജ്ഞാനത്തെ (ദ്വന്ദ്വമോഹത്തെ) പ്രാപിച്ചിരിക്കുന്നു. (അതിനാല്‍) ഇവയ്ക്ക് (ഈ ഭാവങ്ങള്‍ക്ക്) അതീതനായും (ഇവയാല്‍ സ്​പര്‍ശിക്കപ്പെടാത്തവനായും) നാശരഹിതനായും (നിര്‍വികാരനായും) ഇരിക്കുന്ന എന്നെ അറിയുന്നില്ല.

നന്മയുടെയും അറിവിന്റെയും കാരുണ്യത്തിന്റെയും പൂര്‍ണനിധിയായ ദൈവം, അറിവില്ലായ്മയും അനീതിയും ഉളവാകുന്ന സാഹചര്യം എന്തിന് സൃഷ്ടിച്ചു എന്ന ചോദ്യമാണ് എല്ലാ മതങ്ങളിലും മുഴങ്ങിക്കേല്‍ക്കുന്നത്. ജഗത്ത് മിഥ്യയാണെന്ന നിലപാടംഗീകരിച്ച് മായാവാദികള്‍ ഈശ്വരനെ സ്വതന്ത്രനാക്കുന്നു. കയറിനെ ആരെങ്കിലും പാമ്പെന്നു വിചാരിക്കുന്നെങ്കില്‍ കയര്‍ അതിന് ഉത്തരവാദിയല്ലല്ലോ. അപ്പോഴും പക്ഷേ, ഈശ്വരന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്​പദമാണ്. എങ്ങനെയെന്നാല്‍, തെറ്റായി ധരിക്കാനുള്ള സാഹചര്യം എന്തിനായി ഉണ്ടായി?

ഗീത ഇതിന്റെയൊക്കെ അപ്പുറത്തേക്കു കടന്ന്, തിന്മയും അജ്ഞാനവും പ്രപഞ്ചനിര്‍മിതിയിലെ അനിവാര്യതകളാണെന്ന് കാണിക്കുന്നു. രണ്ടും അക്ഷരമാധ്യമത്തിലെ സ്​പന്ദങ്ങളുടെ ത്രിഗുണസ്വഭാവത്താല്‍ ഉണ്ടാകുന്നു. വൈരുദ്ധ്യാത്മകമാണ് പ്രപഞ്ച നിര്‍മിതി. പരമാത്മാവിന്റെ അക്ഷരഭാവമായ പരാപ്രകൃതിയിലെ കരണപ്രതികരണങ്ങളുടെ ഫലങ്ങള്‍ എല്ലാ തുലാസുകളുടെയും രണ്ടു തട്ടുകളിലും വീഴുന്നു. ഇരുതട്ടുകളിലുള്ളതും ഒരുപോലെ മിഥ്യയാണെന്നു കരുതുന്നതു ശരിയല്ല. നന്മതിന്മകളുടെ ഈ മിശ്രിതത്തില്‍ നിലനിന്നുകൊണ്ട് കര്‍മയോഗം അനുഷ്ഠിച്ച് പരംപൊരുളിനെ അറിയാം.

(തുടരും)



MathrubhumiMatrimonial