githadharsanam

ഗീതാദര്‍ശനം - 226

Posted on: 07 May 2009

സി. രാധാകൃഷ്ണന്‍



യേ ചൈവ സാത്വികാ ഭാവാഃ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷു തേ മയി

സാത്വികങ്ങളായി എന്തെല്ലാമുണ്ടോ, അതുപോലെത്തന്നെ രാജസങ്ങളായും താമസങ്ങളായും എന്തൊക്കെയുണ്ടോ അവയൊക്കെയും എന്നില്‍ നിന്നുതന്നെ ഉണ്ടായവയാണ് എന്നറിഞ്ഞാലും. എങ്കിലും ഞാന്‍ അവയിലല്ല, അവ എന്നിലാണ് (ഇരിക്കുന്നത്).
പരമാത്മാവിന്റെ ഭാവാന്തരമായി അക്ഷരമാധ്യമമുണ്ടായി. അതിലെ സ്​പന്ദനാവസ്ഥകളുടെ ബഹുസ്വരതയാല്‍ (ഗുണഭേദങ്ങളാല്‍) ചരാചരങ്ങളുണ്ടായി. അങ്ങനെ നോക്കിയാല്‍, ഗുണദോഷഭേദം കൂടാതെ എല്ലാതും ഉണ്ടായത് അക്ഷരമാധ്യമത്തിലൂടെ പരമാത്മാവില്‍ നിന്നുതന്നെ. പരമാത്മാവ് സര്‍വവ്യാപിയായതിനാല്‍ എന്തുമെല്ലാതും അതില്‍ ഇരിക്കയും ചെയ്യുന്നു. പക്ഷേ, ഇവയിലൊന്നും പരമാത്മാവ് ഇരിക്കുന്നില്ല. തിരമാലകളെല്ലാം സമുദ്രത്തിലാണെന്നാലും സമുദ്രം തിരമാലകളിലിരിക്കുന്നില്ല എന്നപോലെ.
പ്രപഞ്ചമെന്ന പ്രതിഭാസത്തിന്റെ വൈരുദ്ധ്യാത്മകമായ അധിഷ്ഠാനം, അധര്‍മവും അപുണ്യഗന്ധവും അജ്ഞാനവുമെല്ലാം അനിവാര്യമാക്കുന്നു. ഒന്നായത് രണ്ടായി വീണ്ടും ഒന്നാകുന്നതിനിടെയുള്ള കരണപ്രതികരണങ്ങളുടെ ഫലങ്ങളാണ് നന്മയും തിന്മയും. രണ്ടും അനിവാര്യങ്ങളാണെന്നും വന്നുകൂടുന്നു.
നന്മയും തിന്മയും തമ്മില്‍ വ്യക്തമായ തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടാകാത്തതെന്തുകൊണ്ട്?
(തുടരും)



MathrubhumiMatrimonial