
ഗീതാദര്‍ശനം - 224
Posted on: 05 May 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാനയോഗം
ബീജം മാം സര്‍വഭൂതാനാം
വിദ്ധി പാര്‍ഥ സനാതനം
ബുദ്ധിര്‍ബുദ്ധിമതാമസ്മി
തേജസ്‌തേജസ്വിനാമഹം
അല്ലയോ പാര്‍ഥ, എല്ലാ ചരാചരങ്ങളുടെയും നിത്യമായ വിത്തായി എന്നെ അറിഞ്ഞാലും. ബുദ്ധിമാന്മാരുടെ അന്തഃകരണത്തിലെ വിവേകശക്തിയും പ്രഗല്ഭരുടെ പ്രാഗല്ഭ്യവും ഞാനാകുന്നു.
വിവേകശക്തി, പ്രാഗല്ഭ്യം എന്നീ ധര്‍മങ്ങളിലൂടെ ബുദ്ധിമാനും തേജസ്വിയും മാലയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു എന്നത് നേരത്തേ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളുടെ തുടര്‍ച്ചയാണ്. പക്ഷേ, ഞാന്‍ സകലതും കോര്‍ത്ത നൂല്‍ മാത്രമല്ല, എല്ലാറ്റിനെയും മുളപ്പിക്കുന്ന നിത്യമായ വിത്തുമാണ് എന്നു പറയുമ്പോള്‍ അത് തീര്‍ത്തും മറ്റൊരു കാര്യമാണ്.
അക്ഷരമെന്ന അവ്യക്തമാധ്യമത്തില്‍ അക്ഷരാതീതമെന്ന പരംപൊരുളിന്റെ ആദ്യസ്പന്ദം ഉളവാക്കുന്ന അനുരണനം വഴി ആരംഭിക്കുന്ന മഹാവികാസവും അതോടൊപ്പം അതേ അനുരണനങ്ങള്‍ അവ്യക്തമാധ്യമത്തില്‍ അടിമുടി വ്യാപിച്ചുകൊണ്ടേ ഇരിക്കുന്നതും സങ്കല്പിക്കാതെ 'ഞാന്‍ സര്‍വചരാചരങ്ങളുടെയും സനാതനമായ വിത്താ'ണെന്ന പ്രസ്താവത്തിന്റെ സാംഗത്യം കാണാനാവില്ല.
അവ്യക്തമാധ്യമത്തിന്റെ വികാസസങ്കോചങ്ങളുടെ വിവിധഘട്ടങ്ങളില്‍ ആ മാധ്യമത്തിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നു. ഈ വ്യത്യാസം സ്പന്ദനാനുരണനങ്ങളുടെ ആവൃത്തിയെയും വ്യാപ്തത്തെയും ഊര്‍ജത്തെയും വ്യത്യാസപ്പെടുത്തുന്നു. അനുരണനസ്പന്ദങ്ങളുടെ 'ഗുണ'ങ്ങളില്‍ അനന്തവൈവിധ്യമായി ഇത് പ്രതിഫലിക്കുന്നു. ഈ വൈവിധ്യം അവയെ പരസ്പരം ആകര്‍ഷിക്കാനോ വികര്‍ഷിക്കാനോ സംയുക്തമായി നില്‍ക്കാനോ ഒക്കെ പ്രാപ്തമാക്കുന്നു. ഈ ബാന്ധവങ്ങളും തൊട്ടുകൂടായ്മകളും പക്ഷേ, അവ്യക്തമാധ്യമത്തിന്റെ മൊത്തം വികാസത്താല്‍ അതിന്റെ അവസ്ഥ പിന്നെയും മാറുന്നതോടെ വ്യത്യാസപ്പെടുന്നു. പോയിപ്പോയി അസാധുവാകുന്നു. മഹാവിസ്‌ഫോടനത്തില്‍ നിന്ന് മഹാസങ്കോചത്തിലൂടെ മറ്റൊരു മഹാവിസ്‌ഫോടനത്തിന്റെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ ഒരു ബ്രഹ്മാണ്ഡത്തിന്റെ ഒരു സ്പന്ദം പൂര്‍ത്തിയായി. ഈ ചാക്രികതയില്‍ ഉടനീളം നിയാമകമായിരിക്കുന്നത് പരമാത്മാവാണ്. ചെറുതും വലുതുമായ എല്ലാ സ്പന്ദങ്ങളും മഹാസ്പന്ദം തന്നെയും ബീജസ്പന്ദത്തിന്റെ അനുരണനങ്ങളാണല്ലോ.
പ്രപഞ്ചത്തിന്റെ ഈ ചാക്രികസ്വഭാവത്തെ എട്ടാമദ്ധ്യായം 17, 18, 19 ശ്ലോകങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
കാലനിര്‍ണയം ഏതടിസ്ഥാനത്തിലായാലും പരമാത്മാവ് കാലാതിവര്‍ത്തിയാണ്. (സംഭവങ്ങളെ ആസ്പദിച്ചാണ് പ്രാപഞ്ചികകാലനിര്‍ണയം. അവ്യക്തമാധ്യമത്തിന്റെ അവസ്ഥാന്തരങ്ങളെ അടിസ്ഥാനമാക്കി മഹാകാലനിര്‍ണയം സാധിക്കാം. അല്ല, ബ്രഹ്മാണ്ഡസ്പന്ദത്തിന്റെ ആവൃത്തികാലംതന്നെ നിദാനമാക്കിയാലും പരമാത്മാവ് അതിനെയും അതിവര്‍ത്തിക്കുന്നു. അതിനാല്‍ സനാതനം.)
(തുടരും)





