
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേന്ദ്രങ്ങള്‍
Posted on: 04 May 2009
തിരുവനന്തപുരം: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പുനരുപയോഗത്തിനുമായി റിസോഴ്‌സ് റിക്കവറി കേന്ദ്രങ്ങള്‍ വരുന്നു. സംസ്ഥാന ശുചിത്വമിഷനാണ് പദ്ധതി നടപ്പാക്കുക. മാലിന്യങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് സാങ്കേതികമികവോടെ ആറു മേഖലാ കേന്ദ്രങ്ങള്‍ തുടങ്ങും. ഖരമാലിന്യനിര്‍മാര്‍ജ്ജനത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് പുറമെയാണിത്.
പാസ്റ്റിക്, ചിരട്ട തുടങ്ങിയവ പോലുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് റിസോഴ്‌സ് റിക്കവറി കേന്ദ്രങ്ങളില്‍ സംസ്‌കരണം നടത്തും. മാലിന്യനിര്‍മാര്‍ജ്ജനത്തിനുള്ള ഓടകളും മറ്റു സംവിധാനങ്ങളും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. ഈ മാലിന്യം പൊടിച്ച് വ്യാവസായികമൂല്യമുള്ള ഉത്പന്നങ്ങളാക്കി വിപണികളില്‍ എത്തിക്കാനാകും. ഇതിനുള്ള സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്നവയാണ് റിസോഴ്‌സ് റിക്കവറികേന്ദ്രങ്ങളെന്ന് ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ വ്യക്തമാക്കി.
ജൈവവിഘടനത്തിന് വിധേയമാകാത്തതും കത്തിച്ചുകളയാനാവാത്തതുമായ മാലിന്യം ഇന്ധനമാക്കി മാറ്റുന്നതിനായി കൊച്ചിയില്‍ പൂര്‍ത്തിയാവുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍ (ആര്‍.ഡി.എഫ്.) പ്ലാന്റിന്റെ മാതൃകയില്‍ തിരുവനന്തപുരത്തും പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.




