
ഗീതാദര്‍ശനം - 223
Posted on: 04 May 2009
ജ്ഞാനവിജ്ഞാനയോഗം
പുണ്യോ ഗന്ഥഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സര്‍വഭൂതേഷു
തപശ്ചാസ്മി തപസ്വിഷു
ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്‌നനിയിലെ തേജസ്സും സര്‍വചരാചരങ്ങളിലുമുള്ള ജീവ ചൈതന്യവും തപസ്വികളില്‍ തപസ്സും ഞാനാകുന്നു.
മുന്‍പദ്യത്തില്‍ പറഞ്ഞത് കുറച്ചുകൂടി വിശദമാക്കുന്നു. ഭൂമിയിലെ പുണ്യഗന്ധം ഞാനാണ്. (ഗന്ധപദത്തിന് മണമെന്നല്ല ഇവിടെ സാരം. സംബന്ധം, സാമീപ്യം എന്നൊക്കെയാണ്.) 'പുണ്യഗന്ധ'മെന്നാല്‍ പരിശുദ്ധമായ, നീതിയുക്തമായ, ഗന്ധം. ആ ഗന്ധമെന്ന ധര്‍മത്തിലൂടെ ഭൂമിയിലുള്ളതെല്ലാം ഞാനെന്ന മാലയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. അഗ്‌നനിയുടെ ധര്‍മമായ തേജസ്സിനാല്‍ അഗ്‌നനിയും തപസ്വികളുടെ ധര്‍മമായ തപസ്സിനാല്‍ അവരും മാലയില്‍ മണികളാണ്. (പരമാത്മ സാരൂപ്യത്തിനായി തപസ്വികള്‍ ചെയ്യുന്ന പ്രയത്‌നനം, ജീവപരിണാമപ്രക്രിയയിലെ അവസാനത്തെ കടമ്പ കടക്കാനുള്ള ശ്രമമെന്ന നിലയില്‍ പുരുഷോത്തമപ്രഭാവം തന്നെയായിരിക്കുന്നത് എങ്ങനെ എന്ന് നേരത്തെ കണ്ടു.)
('ഗന്ധാദികള്‍ക്ക് അപുണ്യത്വം, സംസാരികളായിരിക്കുന്നവരുടെ അജ്ഞാനംകൊണ്ടും അധര്‍മം കൊണ്ടും പിന്നെ ചില പദാര്‍ഥങ്ങള്‍ തമ്മിലുള്ള സംയോഗംകൊണ്ടുമാണ് സംഭവിക്കുന്നത്. ഗന്ധത്തെ സംബന്ധിച്ചു പറയപ്പെട്ട പുണ്യത്വം, ജലം മുതലായവയിലുള്ള രസാദികള്‍ക്കും യോജിപ്പിക്കേണ്ടതാകുന്നു.'- ശാങ്കരഭാഷ്യം.)
സകല ചരാചരങ്ങളും അവയുടെ ജീവനാല്‍ മാലയില്‍ അണി ചേര്‍ന്നിരിക്കുന്നു. ജീവനം സര്‍വഭൂതേഷു എന്നാണ് പ്രസ്താവം. എന്നു വെച്ചാല്‍ എല്ലാ ഭൂതങ്ങളിലുമുള്ള ജീവന്‍. ചരാചരങ്ങളിലെല്ലാം ഒരു പോലെ ജീവന്‍ ഉണ്ടെന്നുതന്നെ. എല്ലാറ്റിലുമുള്ള ജീവന്‍ ഞാന്‍തന്നെ അഥവാ ഒന്നുതന്നെ. പ്രപഞ്ചജീവനില്‍ എല്ലാതും ഇരിക്കുന്നു.
(തുടരും)





