
ബപ്പിടല്‍ ചടങ്ങ്: നായാടിയ മൃഗങ്ങളെ പിടിച്ചെടുത്തു
Posted on: 03 May 2009
-സ്വന്തം ലേഖകന്‍
കാസര്‍കോട്: വയനാട്ട്കുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള ബപ്പിടല്‍ ചടങ്ങിനായി വേട്ടയാടി കൊന്ന മൃഗങ്ങളെ വനംവകുപ്പ് പിടിച്ചെടുത്തു. മൂന്ന് മെരുക്, ഉടുമ്പ് എന്നിവയെ കൊന്ന് ഓട്ടോയില്‍ കടത്തുന്നതിനിടയിലാണ് കളനാടിനടുത്തുവെച്ച് പിടികൂടിയത്. സംഭവത്തില്‍ 10 പേരെ അറസ്റ്റ്‌ചെയ്തു. ഉദുമ തെക്കേക്കര കുണ്ടില്‍ തറവാട്ടിലെ ബപ്പിടല്‍ ചടങ്ങിനായി കൊണ്ടുപോവുകയായിരുന്നു ഇവയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കുണ്ടംകുഴി കൊളത്തൂര്‍ സ്വദേശികളായ ടി.എന്‍.മുരളീധരന്‍(31), ടി.ജഗദീഷ്(29), കെ.അനില്‍കുമാര്‍(27), ടി.രതീഷ്(24), എം.അശോകന്‍(30), കെ.അനില്‍കുമാര്‍(38), കെ.സുനില്‍കുമാര്‍(27), കെ.ജനാര്‍ദ്ദനന്‍(42), പി.പ്രശാന്ത്(23), ടി.ബാലകൃഷ്‌നന്‍ പടുപ്പ്(38) എന്നിവരാണ് അറസ്റ്റിലായത്.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ രണ്ട്, പാര്‍ട്ട് രണ്ട് ഉള്‍പ്പെടുത്തി വംശനാശം നേരിടുന്ന വന്യമൃഗങ്ങളില്‍ ഉള്‍പ്പെടുത്തിയതാണ് ഉടുമ്പ്, മെരുക് മൃഗങ്ങളെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡി.എഫ്.ഒ പ്രതികളില്‍നിന്ന് മൊഴിയെടുത്തശേഷം കോടതിയില്‍ ഹാജരാക്കും.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വേട്ടയാടിയ മൃഗങ്ങളെ പിടിച്ചെടുത്തത്. വേട്ടയാടുന്നത് സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികള്‍ക്ക് വനംവകുപ്പ് നേരത്തെ നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ മൃഗവേട്ട നടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ കണ്ണൂര്‍ ഡി.എഫ്.ഒ യുടെ നിര്‍ദ്ദേശപ്രകാരം പരിശോധന കര്‍ശനമാക്കിയിരുന്നു.
കാസര്‍കോട്, കാഞ്ഞങ്ങാട്, തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച്, കണ്ണൂര്‍, കാസര്‍കോട് ഫൈ്‌ളയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച വൈകിട്ട് കളനാട്‌വെച്ച് വേട്ടയാടിയ മൃഗങ്ങളെ പിടിച്ചെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ എം.രാജീവന്‍, ജോസ് മാത്യു, എസ്.എന്‍.രാജേഷ്, ഷാജു ജോസഫ്, പ്രഭാകരന്‍, ഹരിദാസ്, ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.




