
ഗീതാദര്‍ശനം - 222
Posted on: 03 May 2009
ജ്ഞാനവിജ്ഞാനയോഗം
രസോശഹമപ്‌സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സര്‍വ വേദേഷു
ശബ്ദഃ ലേ പൗരുഷം നൃഷു
അല്ലയോ കുന്തീപുത്രാ, ജലത്തില്‍ 'രസ'വും സൂര്യചന്ദ്രന്മാരില്‍ പ്രഭയും എല്ലാ വേദങ്ങളിലും ഓങ്കാരവും ആകാശത്തില്‍ ശബ്ദവും മനുഷ്യരില്‍ പൗരുഷവും ഞാനാകുന്നു.
ഒരു വസ്തുവിനെ അതാക്കി നിലനിര്‍ത്തുന്നത് ഏത് ഗുണമാണോ, ഏതിന്റെ അഭാവത്തില്‍ ആ വസ്തു അതല്ലാതായിത്തീരുമോ ആ ഗുണമാണ് ആ വസ്തുവിന്റെ ധര്‍മം. ജലത്തിന്റെ സത്ത മാത്രമായ ആ ഗുണത്തെയാണ് 'രസം' എന്നു പറയുന്നത് (രുചിയെ അല്ല.) ആ രസമാണോ ജലമാണോ ആദ്യം ഉണ്ടായത് എന്നൊക്കെയുള്ള തര്‍ക്കങ്ങളിലേക്കൊന്നും കടക്കാതെ 'ആ രസം ഞാനാകുന്നു' എന്നു പറയുമ്പോള്‍ ആ രസത്തിലൂടെ ഞാന്‍ ജലത്തെ ഈ മാലയില്‍ കോര്‍ത്തു പിടിച്ചിരിക്കുന്നു എന്നുതന്നെ അര്‍ഥം. അതുപോലെ പ്രഭയായി ഈ നൂല്‍ സൂര്യചന്ദ്രന്മാരെ കോര്‍ത്ത് പിടിക്കുന്നു.
പ്രണവം എന്നാല്‍ ഓങ്കാരം. അത് പരാപ്രകൃതിയുടെ ചെറുതും വലുതുമായ സ്പന്ദനക്രിയയിലെ മൂന്നവസ്ഥകളെ ശബ്ദരൂപത്തില്‍ അവതരിപ്പിക്കുന്നു. വികാസത്തെ ഓങ്കാരത്തിലെ 'അ'യും സങ്കോചത്തെ 'ഉ'വും സമാവസ്ഥയെ 'മ'യും പ്രതിനിധീകരിക്കുന്നു. സ്പന്ദനക്രിയയുടെ ചാലകശക്തി പരമാത്മാവാണ്. ശബ്ദവും ഞാനാകുന്നു എന്നു പറയുന്നുമുണ്ട്. ശബ്ദം എന്നാല്‍ അലയാണ്. അതായത് സ്പന്ദനമാണ്. ആകാശത്തിലെ എല്ലാ അലകളുടെയും ചാലകശക്തി പരമാത്മാവാണ്. എന്നുവെച്ചാല്‍ അണുപ്രസരം മുതല്‍, വിദ്യുത്കാന്തതരംഗങ്ങള്‍ ഉള്‍പ്പെടെ, വായുമണ്ഡലത്തിലെ സ്വനവീചികള്‍ വരെയുള്ള എല്ലാറ്റിന്റെയും ധര്‍മം പരാശക്തിയില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. മനുഷ്യരിലെ പൗരുഷവും (ഊര്‍ജസ്വലതയും) ആ നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തില്‍ ഏതിന്റെയുമെന്തിന്റെയും 'ധര്‍മം' പരമാത്മാവാണ്. 'ധര്‍മം' ഇവിടെ നിസ്സംശയം നിര്‍വചിക്കപ്പെടുന്നു. സൃഷ്ടിസ്ഥിതി ലയങ്ങളുടെ ആധാരം മാത്രമല്ല, ചരാചരങ്ങളുടെ അലംഘനീയമായ പരസ്പരബന്ധത്തിന്റെ നിദാനം ഈ ധര്‍മമാണ് എന്നുകൂടി ഗ്രഹിക്കാം.
(തുടരും)





