githadharsanam

ഗീതാദര്‍ശനം - 220

Posted on: 30 Apr 2009

സി. രാധാകൃഷ്ണന്‍



ഏതദ്യോനീനി ഭൂതാനി
സര്‍വാണീത്യുപധാരയ
അഹം കൃത്സ്‌നസ്യ ജഗതഃ
പ്രഭവഃപ്രലയസ്തഥാ

സര്‍വ ചരാചരങ്ങളും ഈ യോനികളില്‍നിന്ന് (ഉണ്ടായത്) ആണെന്ന് അറിഞ്ഞാലും. (അതിനാല്‍) ഞാന്‍ സകലജഗത്തിന്റെയം ഉത്പത്തികാരണവും (സ്രഷ്ടാവും) അപ്രകാരംതന്നെ ലയകാരണവും (സംഹര്‍ത്താവും) ആകുന്നു. ഇവിടെ പറയുന്ന ജഗത്ത് സ്ഥൂലപ്രപഞ്ചം മാത്രമല്ല, ഇന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിക്കാവുന്ന എല്ലാ വിഷയങ്ങളും മനസ്സുകൊണ്ട് സങ്കല്പിക്കാവുന്ന എല്ലാ വികാരങ്ങളും ബുദ്ധികൊണ്ട് അറിയാവുന്ന എല്ലാ ആശയങ്ങളും ചേര്‍ന്ന മൊത്തം അനുഭവമണ്ഡലമാണ്.
പരംപൊരുളിന്റെ ഭാവഭേദമായ അക്ഷരമെന്ന അവ്യക്തമാധ്യമത്തില്‍ പരംപൊരുള്‍തന്നെ നടത്തുന്ന ബീജാവാപത്തില്‍നിന്ന് ചരാചരങ്ങള്‍ ഉണ്ടാകുന്നതിനാല്‍ എല്ലാറ്റിന്റെയും ഉത്പത്തിയുടെ അടിസ്ഥാനകാരണം പുരുഷോത്തമന്‍തന്നെ. പര അഥവാ അക്ഷരം എന്ന ഭാവഭേദത്തിന് അഭാവം വരുമ്പോള്‍ (പ്രപഞ്ചത്തിന്റെ ഒരു സ്​പന്ദനത്തിന്റെ സമാപനത്തില്‍) പരയുടെ ഉത്പന്നങ്ങളായ ചരാചരങ്ങളെല്ലാതും, അപരാപ്രകൃതിതന്നെയും, പുരുഷോത്തമനില്‍ ലയിക്കുന്നതിനാല്‍ എല്ലാത്തിന്റെയും നാശകാരണവും പുരുഷോത്തമന്‍തന്നെ. ഇടവേളയില്‍ ചരാചരങ്ങളുടെ ജനനമരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരന്തരപരിണാമത്തിനു കാരണവും മറ്റൊന്നല്ല.
പരംപൊരുള്‍ അഥവാ പ്രപഞ്ചത്തിന്റെ അടിസ്ഥാനശക്തി എന്നത് ഏകീകൃതബലമാണ്. അക്ഷരം എന്ന ഭാവത്തിന്റെ പിറവിയോടെ അത് അനേകം ബലങ്ങളായി പ്രത്യക്ഷപ്പെടുന്നു. അക്ഷരം എന്ന മാധ്യമത്തിന്റെ പ്രകൃതം അറിഞ്ഞാലേ ഈ ബലബഹുസ്വരതയ്ക്ക് വിശദീകരണം ലഭിക്കൂ. അക്ഷരം എന്നൊരു സര്‍വവ്യാപിയായ മാധ്യമം ഉണ്ടെന്ന വസ്തുത സയന്‍സിന് ഇപ്പോഴും ബോധ്യമായിട്ടില്ല. (സയന്‍സിന് സ്‌പെയ്‌സ് 'ശൂന്യ'മാണ്, മാറ്ററും സ്‌പെയ്‌സും വെവ്വേറെയാണ്, പ്രപഞ്ചമെന്നാല്‍ അതിലെ മാറ്റര്‍ മാത്രമാണ്.) അതിനാലാണ് സയന്‍സിന് ബലങ്ങളുടെ ഏകീകരണം സാധിക്കാത്തത്.
എല്ലാ ചരാചരങ്ങളിലും ജഡമായിരിക്കുന്നതും ജീവനായി ഉള്ളതും പരംപൊരുളാണ്. ഇന്ദ്രിയമനോബുദ്ധികളുടെ പ്രവര്‍ത്തന ഊര്‍ജവും പരംപൊരുള്‍തന്നെ. അതിനാലാണ് ഇവയെല്ലാം ശ്രേഷ്ഠങ്ങളെന്ന് പറയുന്നത് ('ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ' -3. 42). പക്ഷേ, മനസ്സിനെക്കാള്‍ ശ്രേഷ്ഠമായ ബുദ്ധിയെക്കാളും ശ്രേഷ്ഠമാണ് ജീവന്‍. അതാണ് പരമശ്രേഷ്ഠം.
(തുടരും)




MathrubhumiMatrimonial