
ഗീതാദര്‍ശനം - 218
Posted on: 28 Apr 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനവിജ്ഞാനയോഗം
മനുഷ്യാണാം സഹസ്രേഷു
കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ
മനുഷ്യരില്‍ ആയിരത്തിലൊരുവനേ (ഈ) സിദ്ധിക്കുവേണ്ടി പ്രയത്‌നനിക്കുന്നുള്ളൂ. പ്രയത്‌നനം ചെയ്യുന്നവരില്‍ത്തന്നെ (ആയിരത്തില്‍) ഒരുവനേ എന്നെ ശരിയായ അര്‍ഥത്തില്‍ അറിയുന്നുള്ളൂ.
കാര്യഗൗരവം ബോധിപ്പിക്കാനാണ്, നിരുത്സാഹപ്പെടുത്താനല്ല, ഈ കഷ്ടിയായ 'വിജയശതമാനം' പറയുന്നത്. ജയിക്കണമെങ്കില്‍ നാം തന്നെ യത്‌നനിക്കണം എന്ന മുന്നറിയിപ്പ് അതില്‍ അടങ്ങിയിരിക്കുന്നു. കുതിരയെ വെള്ളത്തിനരികിലേക്കു കൊണ്ടു ചെല്ലാനല്ലാതെ കുടിപ്പിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ. അലഞ്ഞു തിരിയേണ്ട, ശുദ്ധജ്ഞാനത്തിനരികിലേക്കു ഞാനിതാ കൊണ്ടുപോകാമെന്നാണ് ക്ഷണം.
അഥവാ അങ്ങെത്തിയില്ലെങ്കിലും ഈ വഴിയില്‍ മുന്നേറുന്ന ഓരോ ചുവടും അമൂല്യമാണെന്ന് നേരത്തേ പറഞ്ഞു. നേടുന്ന 'ക്രെഡിറ്റ്' ജന്മാന്തരത്തിലേക്കുള്ള ബാലന്‍സ് ഷീറ്റില്‍ വരുമെന്നതിനാല്‍, ഒരു ജന്മം കൊണ്ടായില്ലെങ്കില്‍ അടുത്തതിലെങ്കിലും അങ്ങെത്തുമെന്ന ഉറപ്പും തന്നു. ഓരോ അടിവെപ്പും വഴിയിലെ മഹാദുഃഖങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.
പരിണാമം ഇച്ഛാനുസാരമാണെന്ന് ഈ ശ്ലോകം പ്രഖ്യാപിക്കുന്നു. മനുഷ്യജന്മം കൊണ്ട് പരമപദപ്രാപ്തിയുടെ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഇവിടെ നട്ടംതിരിയണോ, പുറകോട്ടടിക്കണോ, അതോ മുന്നോട്ടു പോകണോ എന്ന തീരുമാനം നമ്മുടേതാണ്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും അതില്‍ നിന്നിളകുന്നതും നമ്മുടെ ഇഷ്ടം. ആ ഇഷ്ടത്തിനു പിന്നിലും പക്ഷേ, പൂര്‍വവാസനകള്‍ പ്രവര്‍ത്തിക്കുന്നു. പരമമായ സ്വാതന്ത്ര്യം ആത്മസ്വരൂപത്തിനു മാത്രമേ ഉള്ളൂ. അതുതന്നെയാണ് നമ്മുടെ യഥാര്‍ഥസ്വരൂപമെന്ന് തിരിച്ചറിയാനോ അറിയാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ് നമുക്കുള്ളത്.
(തുടരും)





