githadharsanam

ഗീതാദര്‍ശനം - 217

Posted on: 27 Apr 2009


ജ്ഞാനവിജ്ഞാന യോഗം


ജ്ഞാനം തേശഹം സവിജ്ഞാനം
ഇദം വക്ഷാമ്യശേഷതഃ
യത് ജ്ഞാത്വാ നേഹ ഭൂയോശന്യത്
ജ്ഞാതവ്യമവശിഷ്യതേ
യാതൊന്നറിഞ്ഞാല്‍ ഈ വിഷയത്തില്‍ ഇനിയും വേറൊന്ന് അറിയപ്പെടേണ്ടതായി ശേഷിക്കുന്നില്ലയോ അങ്ങനെയുള്ള വിജ്ഞാനസഹിതമായ ഈ ജ്ഞാനത്തെ മുഴുവനായും നിനക്ക് ഞാന്‍ പറഞ്ഞുതരാം.
മഹത്തായ കാര്യമാണ് പറയാന്‍ പോകുന്നതെന്നും ശ്രദ്ധിച്ച് കേള്‍ക്കണമെന്നും ധ്വനി. ആശയപുഷ്ടിയോടുകൂടിയതാകയാല്‍, മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലെന്നുകൂടി സൂചന.
ഈ മഹാജ്ഞാനത്തെപ്പറ്റി ഉപനിഷത്തുകളില്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. 'യാതൊന്ന് അറിയുന്നതുകൊണ്ട് കേട്ടിട്ടില്ലാത്തത് കേട്ടതായി തീരുന്നു, സുനിശ്ചിതമല്ലാതിരുന്നത് സുനിശ്ചിതമായിത്തീരുന്നു, അവിജ്ഞാതമായിരുന്നത് വിജ്ഞാതമായിത്തീരുന്നു, അതാണ് സമഗ്രമായി അറിയേണ്ട'തെന്ന് ഛാന്ദോഗ്യം (6. 1. 3.). ശൗനകന്‍ മുണ്ഡകോപനിഷത്തില്‍ 'ഏതൊന്നറിയുന്നതിനാലാണ് എല്ലാം അറിയുന്നത്? എന്ന് അംഗിരസ്സിനോടു ചോദിക്കുന്നു (1. 1. 3.). അതിന് ഉത്തരമായി രണ്ടു മാതിരി അറിവുകള്‍ ഉള്ളതായി അംഗിരസ്സ് പറയുന്നു. ഒന്ന് പരയായ അറിവ്, മറ്റേത് അപരയായ അറിവ്. വേദങ്ങള്‍, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം തുടങ്ങിയതാണ് അപരയായ അറിവ്. (ഭൗതികലോകത്തിന്റെ പഠനമായ സയന്‍സും ആ പട്ടികയിലാണ് പെടുക.) മോക്ഷപ്രാപ്തി നല്‍കുന്ന അറിവു മാത്രമേ പരയായിരിക്കുന്നുള്ളൂ. ''ആത്മാവിന്റെ ദര്‍ശനത്തിലും ശ്രവണത്തിലും മനനത്തിലും മാത്രമേ വിജ്ഞാനം ഉണ്ടാകുന്നുള്ളൂ'' എന്ന് ബൃഹദാരണ്യകവും (2. 4. 5.) അഭിപ്രായപ്പെടുന്നു.
(തുടരും)



MathrubhumiMatrimonial