githadharsanam

ഗീതാദര്‍ശനം - 216

Posted on: 26 Apr 2009


ജ്ഞാനവിജ്ഞാന യോഗം


ശ്രീഭഗവാനുവാച-
മയ്യാസക്തമനാഃ പാര്‍ഥ
യോഗം യുഞ്ജന്‍ മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തത് ശൃണു
ഭഗവാന്‍ പറഞ്ഞു-

ഹേ അര്‍ജുനാ, (പരമാത്മാവായ) എന്നില്‍ ആസക്തമായ മനസ്സോടെയും എന്നെത്തന്നെ ശരണം പ്രാപിച്ചും യോഗം അഭ്യസിക്കുന്നവന്‍, എന്നെ സംശയാതീതമായും സമഗ്രമായും അറിയുന്നവിധം ഏതോ അതിനെ കേട്ടാലും.
സംശയിക്കേണ്ട, പരിമിതമായ മനസ്സുകൊണ്ട് അപരിമിതമായതിനെ അറിയാന്‍ തീര്‍ച്ചയായും കഴിയും. ആ അറിവ് സമഗ്രം തന്നെ ആയിരിക്കുകയും ചെയ്യും. ആ അനുഗ്രഹം വരുന്നത് എപ്രകാരമെന്നു കേട്ടാലും.
തന്നില്‍ത്തന്നെയുള്ള പ്രപഞ്ചസത്തയുമായി തനിക്കുള്ള പാരസ്​പര്യമാണ്, (ചിത്തവൃത്തിനിരോധമെന്ന) പാതഞ്ജലയോഗമല്ല, ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
ഇവിടെവെച്ച് നാം ഗീതയുടെ ഹൃദയത്തിലേക്കു കടക്കുന്നു എന്നാണ് ശ്രീ അരവിന്ദമഹര്‍ഷി പറയുന്നത്. വിജ്ഞാനത്തിന്റെ സ്വഭാവം ഭക്തിയാണെന്ന്, രാമാനുജാചാര്യരെപ്പോലെ, അരവിന്ദമഹര്‍ഷിയും ചൂണ്ടിക്കാണിക്കുന്നു. നടരാജഗുരുവും 'മയ്യാസക്തമനാഃ' എന്നതിന് 'അന്തരാത്മാവു മുഴുവന്‍ പരംപൊരുളിനാല്‍ നിറഞ്ഞ അവസ്ഥ' എന്ന് അര്‍ഥം കല്പിക്കുന്നു. ആചാര്യസ്വാമികളുടെ പക്ഷം, ഇവിടെ ഉപദേശിക്കപ്പെടുന്നത് പരമേശ്വരനെ അറിയുന്നതിനുള്ള ജ്ഞാനംതന്നെയെന്നാണ്. ജ്ഞാനേശ്വരിയില്‍ ജ്ഞാനദേവന്‍ വിജ്ഞാനത്തെ കാണുന്നത് ലൗകികജ്ഞാനത്തെ അതിജീവിക്കാനുള്ള വിശേഷജ്ഞാനമായാണ്.
സാധാരണക്കാരായ നമുക്ക് നേരിട്ടു കിട്ടുന്ന ഉറപ്പ് ഇതാണ്: ആത്മസ്വരൂപത്തെ ആശ്രയിച്ചുതന്നെ നിലകൊണ്ട്, അതുമായി താദാത്മ്യപ്പെടാനുള്ള വെമ്പലോടെ അതിനെ ധ്യാനിക്കാനും യജ്ഞഭാവനയോടെ കര്‍മം ചെയ്യാനും ആര്‍ക്കു സാധിക്കുന്നുവോ അവര്‍ക്ക് ഈ വിഷയത്തില്‍ അനുഭവജ്ഞാനം പൂര്‍ത്തിയായിക്കിട്ടുകതന്നെ ചെയ്യും.
(തുടരും)



MathrubhumiMatrimonial