വേനല്‍മഴ കുറഞ്ഞു; ഡാമുകളില്‍ ജലനിരപ്പ് താണു

Posted on: 24 Apr 2009

-സ്വന്തം ലേഖകന്‍




പാലക്കാട്: വേനല്‍മഴയുടെ കുറവ് ഡാമുകളിലെ ജലനിരപ്പില്‍ പ്രതിഫലിച്ചുതുടങ്ങി. മലമ്പുഴഡാമില്‍ 102.03 മീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 104.45 മീറ്ററോളം പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം 143.7 മില്ലിമീറ്റര്‍ വേനല്‍മഴകിട്ടിയ സ്ഥാനത്ത് ഇക്കൊല്ലം 106 മില്ലിമീറ്റര്‍ മഴയേ മേഖലയില്‍ ലഭിച്ചുള്ളൂ. ഡാമില്‍ ഇപ്പോള്‍ 27.55 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ട്. ഇതില്‍ 13 ദശലക്ഷം ഘനമീറ്റര്‍ ചെളി അടഞ്ഞിരിക്കയാണ്. എങ്കിലും മൂന്നുമാസത്തേക്ക് കുടിവെള്ളത്തെ ക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഫില്‍റ്റര്‍ പ്ലാന്റുകളിലും ജലവിതരണ പൈപ്പുകളിലും തകരാറുണ്ടാകുന്ന സമയങ്ങളിലൊഴികെ മലമ്പുഴയില്‍നിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടാറില്ല.

11.3 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മീങ്കരയില്‍ ഇപ്പോഴുള്ളത് 1.175 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞവര്‍ഷം 4.086 ദശലക്ഷം ഘനമീറ്ററായിരുന്നു ഉണ്ടായിരുന്നത്. 13.7 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാര്‍ ഡാമില്‍ ഇപ്പോള്‍ 0.771 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. കഴിഞ്ഞവര്‍ഷം ഇത് 2.286 ദശലക്ഷം ഘനമീറ്ററായിരുന്നു.

പോത്തുണ്ടിയില്‍ നിലവില്‍ നാലരയടിയാണ് ജലനിരപ്പ്. മൂന്ന് മില്ലിമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ. 91 മില്ലിമീറ്റര്‍ മഴ ലഭിച്ച കഴിഞ്ഞവര്‍ഷം ഒമ്പതടിയായിരുന്നു ജലനിരപ്പ്.

മംഗലംഡാമില്‍ ഇക്കുറി 37 മില്ലിമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ. കഴിഞ്ഞവര്‍ഷം 191 മില്ലിമീറ്റര്‍ ലഭിച്ച സ്ഥാനത്താണിത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുറവാണ് ഈ വര്‍ഷം.

കാഞ്ഞിരപ്പുഴ ജലസംഭരണിയില്‍ 88.05 മീറ്റര്‍ വെള്ളമാണുള്ളത്. കഴിഞ്ഞവര്‍ഷം 91.85 മീറ്ററായിരുന്നു ജലനിരപ്പ്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 9,720 ഹെക്ടര്‍ സ്ഥലത്ത് ജലസേചനത്തിന് പ്രയോജനപ്പെടുന്ന കാഞ്ഞിരപ്പുഴ ഡാമിനും ഇത് വറുതിയുടെ കാലമാണ്.




MathrubhumiMatrimonial