githadharsanam

ഗീതാദര്‍ശനം - 214

Posted on: 24 Apr 2009

സി. രാധാകൃഷ്ണന്‍



യോഗിനാമപി സര്‍വേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാന്‍ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ

ഏതൊരുവന്‍ ശ്രദ്ധയോടുകൂടിയവനായി എന്നിലേക്കുതന്നെ പോകുന്ന അന്തഃകരണംകൊണ്ട് എന്നെ ഭജിക്കുന്നുവോ അവന്‍ യോഗികളില്‍ സര്‍വോത്തമനായ യോഗയുക്തനാണെന്ന് ഞാന്‍ കരുതുന്നു.
വിഷയങ്ങളിലേക്ക് പോകുന്ന മനസ്സിനെ ആത്മസ്വരൂപത്തിലേക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ 'അവിടെയല്ല, ഇവിടെ' എന്ന നിതാന്തജാഗ്രത വേണം. ഇതുതന്നെ ശ്രദ്ധ. ആ ശ്രദ്ധ ഫലപ്രദമായാലേ അന്തഃകരണത്തിന്റെ ഗതി സ്വരൂപത്തിലേക്ക് സ്ഥിരമായി നില്‍ക്കൂ. പരിപൂര്‍ണമായ സമര്‍പ്പണഭാവത്തോടെ സ്വന്തം അഹന്തയെ മുഴുവനായും വലിച്ചു പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണ് യഥാര്‍ഥമായ ഭജനം. അങ്ങനെ, ശ്രദ്ധയും ഏകാഗ്രതയും അര്‍പ്പണവും തികയുമ്പോഴാണ് 'യുക്തി' സാധിക്കുക.
പരമമായ സത്തയെ ധ്യാനവിഷയമാക്കുന്നതാണ് തന്റെ മതം എന്നാണ് ഭഗവാന്‍ പറയുന്നത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന ധ്യാനരീതികളെ ഭാഗികമായ ശരികളായി സ്വീകരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് ശീലിച്ച അഭ്യാസിക്ക് ധ്യാനവിഷയത്തെ പരമാത്മസ്വരൂപമാക്കിമാറ്റാന്‍ എളുപ്പമാണ്. മാര്‍ഗം ഒന്നുതന്നെ, ലക്ഷ്യമേ മാറേണ്ടതുള്ളൂ.
ഈ ജീവിതം സുഖകരമാകാന്‍, ദുഃഖങ്ങള്‍ ബാധിക്കാതിരിക്കാന്‍, പാപരഹിതമായ കര്‍മങ്ങളില്‍ ഉത്സാഹപൂര്‍വം നിരതരാകാന്‍, പരിണാമത്തിന്റെ മംഗളകരമായ പരിസമാപ്തി എന്ന ജന്മോദ്ദേശ്യം നിറവേറാന്‍ നമുക്കെല്ലാം (എല്ലാ അര്‍ജുനന്മാര്‍ക്കും) തുറന്നുകിട്ടുന്ന ഏറ്റവും സുഖമുള്ള എളുപ്പവഴി യോഗികളാകുക എന്നതാണ്.
ഇതി ധ്യാനയോഗോ നാമ ഷഷ്‌ഠോശദ്ധ്യായഃ
ധ്യാനയോഗമെന്ന ആറാമധ്യായം സമാപിച്ചു.

(തുടരും)



MathrubhumiMatrimonial