
ദക്ഷിണ കേരളത്തില്‍ മണ്‍സൂണ്‍ ലഭ്യത കുറയുന്നു
Posted on: 23 Apr 2009
-സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദക്ഷിണകേരളത്തില്‍ കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ മണ്‍സൂണിന്റെ ലഭ്യത ഇരുപത് ശതമാനം കുറഞ്ഞിട്ടുള്ളതായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അന്തരീക്ഷ ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. പി.വി. ജോസഫ് ചൂണ്ടിക്കാട്ടി.
ഭൗമദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 'ഹരിത തലമുറ' എന്ന വിഷയത്തില്‍ ശാസ്ത്രഭവനില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഇ.പി. യശോധരന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായി അമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രോപരിതലത്തിലെ ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ട്. സൈക്ലോണുകള്‍ ഇന്ത്യയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആഗോള താപനത്തിന്റെ ദോഷവശങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ഏറ്റവുമധികം പ്രകടമാക്കുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതാപനം തടയാന്‍ വനം വെച്ചുപിടിപ്പിക്കല്‍ മാത്രമല്ല ഊര്‍ജ്ജ സ്രോതസ്സുകളുടെ നിയന്ത്രിതമായ ഉപയോഗവും അത്യാവശ്യമാണെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എം. ബാബ അഭിപ്രായപ്പെട്ടു. 'ഭൗമദിനവും ഹരിതസാമ്പത്തിക ശാസ്ത്രവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ മുക്തഭാവിക്ക് വേണ്ടി പുതിയ ഹരിത സാമ്പത്തികനയം കൊണ്ടുവരണം. പ്രകൃതിയോടിണങ്ങുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ഹരിതവിദ്യാഭ്യാസ പദ്ധതിയിലൂടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നതാവണം ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
ഭൂവല്‍ക്ക പ്രക്രിയകള്‍ അനുഗ്രഹമോ ശാപമോ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ഡയറക്ടര്‍ ഡോ. പ്രസന്നകുമാര്‍ പ്രബന്ധമവതരിപ്പിച്ചു.
നാറ്റ്പാക് ശാസ്ത്രജ്ഞന്‍ ടി. ഇളങ്കോവന്‍, കേരള സര്‍വകലാശാല ജിയോളജി വിഭാഗത്തില്‍ നിന്നും വിരമിച്ച പ്രൊഫ. കെ.പി. ത്രിവിക്രമജി, നാഷണല്‍ ഗ്രീന്‍ ക്രോപ്‌സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. അജിത്കുമാര്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍, മെമ്പര്‍ സെക്രട്ടറി ഡോ. ജി. മുരളീധരക്കുറുപ്പ്, സയന്റിഫിക് ഓഫീസര്‍ ഡോ. പി. ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.




