
ഭൂമി മുങ്ങുന്നു
Posted on: 22 Apr 2009
ഭൂമിക്കു പൊള്ളുകയാണ്; നമുക്കും. കുടവേണ്ടാതിരുന്ന വേനല്‍ക്കാലത്തു നിന്ന് കുടയെടുത്താലും രക്ഷയില്ലാത്ത വേനലിലേക്കാണ് അതിന്റെ മാറ്റം. കരിഞ്ഞു ചാകലല്ല, മുങ്ങിമരിക്കലാണ് അതിന്റെ ഫലം.ചൂടേറുമ്പോള്‍ മഞ്ഞുരുകി കടലുയര്‍ന്ന് കരയെ വിഴുങ്ങുമെന്ന് ഉറപ്പ്. മുങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ മാലെദ്വീപ് വേറെ സ്ഥലം വാങ്ങാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പഴക്കമേറെയില്ല.
രാജ്യത്തെ മൂന്ന് ലക്ഷം ജനങ്ങള്‍ അഭയാര്‍ഥികളാകാതിരിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. സാംസ്‌കാരികമായ സമാനതകളുള്ള അയല്‍രാജ്യങ്ങളായ ഇന്ത്യയും ശ്രീലങ്കയുമാണ് അഭയകേന്ദ്രങ്ങളായി നോക്കിവെച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയും പട്ടികയിലുണ്ട്്.
ജലനിരപ്പുയരുന്നത് നന്നെ പതുക്കെയാവുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, കര കടലെടുക്കാന്‍ അധികം വൈകണമെന്നില്ലെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. മെക്‌സിക്കോയിലെ എക്‌സ്‌കാരെറ്റ് ഇക്കോ പാര്‍ക്കിലെ പവിഴപ്പുറ്റ് ഫോസിലുകളാണ് ഭൂമിയുടെ മുങ്ങിമരണം അത്ര വിദൂരമാകണമെന്നില്ലെന്നു പറയുന്നത്.
മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണമസ് സര്‍വകലാശാലയിലെ പോള്‍ ബ്ലാഞ്ചനും സഹപ്രവര്‍ത്തകരുമാണ് ഈ പവിഴപ്പുറ്റുകളെ പറ്റി പഠിച്ചത്. ഇതനുസരിച്ച് 50വര്‍ഷത്തിനുള്ളില്‍ സമുദ്രനിരപ്പ് 10 അടി വരെ ഉയര്‍ന്നാല്‍ അദ്ഭുതമില്ല. 1,21,000 വര്‍ഷം മുമ്പ് ഇത്തരമൊരു കടല്‍കയറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്.
നിലവില്‍ നിരപ്പുയരുന്നത് വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്നുവരെ മില്ലി മീറ്റര്‍ വെച്ചാണ്. 'നേച്ചര്‍' മാസിക കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ച ഈ പഠനത്തോട് പലവിദഗ്ധര്‍ക്കും വിയോജിപ്പുണ്ടെങ്കിലും ഒരു കാര്യം എല്ലാവരും സമ്മതിക്കുന്നു, ഭൂമി മുങ്ങുകയാണ്. പല ദ്വീപ്‌രാഷ്ട്രങ്ങള്‍ക്കും വലിയ ആയുസ്സില്ല.
ഈ മുന്നറിയിപ്പുകള്‍ക്കിടെ ഒരു ഭൗമദിനം കൂടി എത്തിയിരിക്കുന്നു; ഭൂമിയെ നോവിക്കാതെ ജീവിക്കാനും ജീവിക്കാനനുവദിക്കാനും ഓര്‍മിപ്പിച്ചുകൊണ്ട്.
-സിസി ജേക്കബ്




