githadharsanam

ഗീതാദര്‍ശനം - 212

Posted on: 22 Apr 2009


ധ്യാനയോഗം


പ്രയത്‌നനാദ്യതമാനസ്തു
യോഗീ സംശുദ്ധകില്ബിഷഃ
അനേകജന്മസംസിദ്ധഃ
തതോ യാതി പരാംഗതിം

തീവ്രമായി പ്രയത്‌നനിക്കുന്ന (ധ്യാന)യോഗിയാകട്ടെ, അനേകജന്മങ്ങളിലൂടെ പാപങ്ങളകന്ന് ശുദ്ധാന്തഃകരണനായി യോഗസിദ്ധി നേടി അവസാനം പരമമായ സ്ഥാനത്തെത്തുന്നു.
ജീവാത്മാവിന് (രൂപനിര്‍മാണക്ഷേത്രത്തിന്) പരമപദത്തിലേക്കുള്ള വഴി നിരവധി ജന്മങ്ങളിലെ പരിണാമത്തിലൂടെയാണ്. ആത്മബോധത്തെ സങ്കോചിപ്പിക്കുന്ന വിചാരവും വാക്കും പ്രവൃത്തിയുമാണ് കില്ബിഷം അഥവാ പാപം. സാധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോള്‍ അത് സിദ്ധി ആയി.
മോഡേണ്‍ സയന്‍സിലെ ജീവപരിണാമസിദ്ധാന്തത്തിന് പിന്നിലുള്ള അവബോധപരിണാമം സമാപിക്കുന്നത് പ്രപഞ്ചസത്തയുമായുള്ള ബോധാനുരണനത്തിന്റെ ഫലമായ ആനന്ദാവസ്ഥയിലാണ് എന്നു നിരൂപിക്കാം.
സ്വസ്വരൂപത്തിലേക്കുള്ള മടക്കം സാധിക്കാമെന്നാണ് എല്ലാ മതങ്ങളും വിശ്വസിക്കുന്നത്. മനുഷ്യനെ ദൈവം സ്വന്തംരൂപത്തില്‍ സൃഷ്ടിച്ചു എന്നും അവന്‍ പാപവൃത്തികള്‍കൊണ്ട് ആ രൂപത്തില്‍നിന്ന് അകന്നുപോയി എന്നും സെമിറ്റിക് മതങ്ങളില്‍ വിശ്വസിച്ചുപോരുന്നു. ആ മതങ്ങളിലും പാപവിമുക്തരായി ദൈവികത വീണ്ടെടുക്കാനായാണ് വിശ്വാസികള്‍ സാധന അനുഷ്ഠിക്കുന്നത്. വേദാന്തത്തില്‍ അറിവ് അറിവില്ലായ്മയുടെ തടവുപുള്ളിയായി ഇരിക്കുന്നു. തിരിച്ചറിവുകൊണ്ട് അറിവില്ലായ്മയെ നിരാകരിക്കുന്നതാണ് മോക്ഷം. സ്വരൂപസിദ്ധിതന്നെ ആത്യന്തികമായ സിദ്ധി. അതിലേക്കുള്ള മാര്‍ഗത്തെ പരമമായ ഗതി എന്നു വിളിക്കുന്നു.

(തുടരും)



MathrubhumiMatrimonial