githadharsanam

ഗീതാദര്‍ശനം - 211

Posted on: 21 Apr 2009

സി. രാധാകൃഷ്ണന്‍



പൂര്‍വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോ/പി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്‍ത്തതേ

പൂര്‍വജന്മത്തില്‍ ചെയ്ത ആ (യോഗ) അഭ്യാസംകൊണ്ടുതന്നെ അവന്‍ (യോഗഭ്രഷ്ടനായവന്‍) പരാധീനനായിപ്പോയാലും (പ്രതിബന്ധങ്ങള്‍ കാരണം അവന്‍ തയ്യാറല്ലെന്നാല്‍പ്പോലും)(വിഷയങ്ങളില്‍ നിന്ന് യോഗനിഷ്ഠയിലേക്ക്) പിടിച്ചു വലിക്കപ്പെടുന്നു. യോഗത്തിന്റെ സ്വരൂപം അറിയണമെന്ന ആഗ്രഹം മാത്രമുള്ളവര്‍പോലും വേദത്തെ (വേദോക്തമായ കര്‍മകാണ്ഡത്തെ) മറികടക്കുന്നു.
ആരുടെയും വ്യക്തിത്വം വേരില്ലാതെ ഉണ്ടാവുന്നതല്ല. അത് ഇവിടംകൊണ്ട് അവസാനിക്കുന്നുമില്ല. അതില്‍ ഒരിക്കല്‍ ആര്‍ജിച്ച അറിവും കഴിവും സാഹചര്യംകൊണ്ട് മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ല. കൊള്ളക്കാരന്‍ മഹര്‍ഷിയായി മാറുന്നു. എത്ര മലിനമോ കഠിനമോ ആയ അവസ്ഥയില്‍ ജീവിച്ചാലും അറിവുള്ളവന്‍ ശുചിയായും സന്തുഷ്ടനായും ഇരിക്കുന്നു. അഥവാ സിംഹാസനത്തിലാണ് ഇരിപ്പെങ്കിലും മനോഭാവത്തില്‍ മാറ്റംവരുന്നില്ല.
രേതസ്സിനെയും അണ്ഡത്തെയും സമ്മേളിപ്പിച്ച് കോശവര്‍ധനയിലൂടെ രൂപമാര്‍ജിപ്പിക്കുന്നത് നേരത്തേ ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന്റെ രൂപനിര്‍മാണക്ഷേത്രമാണെന്ന് കരുതാം. ഇതില്‍ അശാസ്ത്രീയമായി ഒന്നുമില്ല. അങ്ങനെ ഒരു ക്ഷേത്രത്തെ തെളിവുസഹിതം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ശരി. പക്ഷേ, പരമാണുവിനെയോ അണുകണങ്ങളെയോ നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ. അവയുടെ കാര്യത്തില്‍ പരോക്ഷമായ തെളിവുകള്‍ സ്വീകരിച്ചപോലെ വാസനകളുടെ തുടര്‍ച്ചയും ശരീരങ്ങളുടെ പരിണാമവും അതിലെ വൈവിധ്യവും ഇവിടെ തെളിവുകളായി ഉണ്ട്.
യോഗം എന്തെന്ന് അറിയാന്‍ താത്പര്യം ജനിക്കുന്നതോടെത്തന്നെ, വേദങ്ങളിലെ കര്‍മകാണ്ഡത്തില്‍ വിസ്തരിക്കുന്ന അനുഷ്ഠാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫലങ്ങളെ ഒരുവന്‍ അതിവര്‍ത്തിക്കുന്നു എന്നാണ് ആചാര്യസ്വാമികള്‍ ഈ പദ്യത്തിലെ രണ്ടാംപാദത്തെ വ്യാഖ്യാനിക്കുന്നത്. വാക്കുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതീതമായ പാരമാര്‍ഥികാനുഭവം ഉണ്ടായിത്തുടങ്ങുന്നതിനാലാണ് ഈ മറികടക്കല്‍. ശബ്ദാര്‍ഥവിചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുഴുകുന്നവര്‍ പിന്നിലായിപ്പോകുന്നു.
(തുടരും)



MathrubhumiMatrimonial