മണല്‍ക്കൊള്ള: നിയമഭേദഗതി അന്തിമഘട്ടത്തില്‍

Posted on: 20 Apr 2009

സ്വന്തം ലേഖകന്‍



പാലക്കാട്: സംസ്ഥാനത്തെ പുഴകളില്‍ നടക്കുന്ന അനിയന്ത്രിത മണല്‍ക്കൊള്ളതടയാന്‍ കേരള നദീതീര സംരക്ഷണനിയമം ഭേദഗതിചെയ്യാനുള്ള നടപടി അന്തിമഘട്ടത്തില്‍.

നിര്‍മാണാവശ്യങ്ങള്‍ക്കുള്ള മണല്‍ലഭ്യത ഉറപ്പുവരുത്താനും മണല്‍ക്കൊള്ള തടയാനും സ്ഥിരം സായുധപോലീസിനെ നിയമിക്കുന്നതുള്‍പ്പെടെ പ്രധാനപ്പെട്ട ഭേദഗതികളാണ് കൊണ്ടുവരുന്നത്. ഏപ്രില്‍ 23 ന് റവന്യു ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് പാലക്കാട്ടും തൃശ്ശൂരും നിലവിലുള്ള കമ്പ്യൂട്ടറൈസ്ഡ് മണല്‍പാസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അംഗീകൃത പാസുപയോഗിച്ച് ഒരുവണ്ടി മണലിന് 6,000രൂപയ്ക്കടുത്ത് വരുമ്പോള്‍ കള്ളമണലിന് 12,000 രൂപ വരെയാണ് ഈടാക്കുന്നത്. ആവശ്യമായ മണല്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെ മണല്‍ക്കൊള്ള തടയാമെന്ന് മന്ത്രി പറഞ്ഞു.

ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റവന്യു-പി.ഡബ്ല്യു.ഡി. സെക്രട്ടറിമാരെയാണ് ഇതിന്റെ സാധ്യത പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊല്ലം-ബേപ്പൂര്‍ തുറമുഖം വഴി മണല്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നിയമഭേദഗതിയും പരിഗണനയിലാണ്. ഇറക്കുമതി ചെയ്യുന്ന മണല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ന്യായവില പ്രകാരമായിരിക്കും വില്‍ക്കുക.

നദീതീരസംരക്ഷണ നിയമത്തില്‍ ഒട്ടേറെ ഭേദഗതികളുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമം കര്‍ക്കശമാക്കും. ലോറികള്‍ പുഴയിലിറക്കി മണല്‍ വാരുന്നത് അവസാനിപ്പിക്കും. കൃത്യമായ മണല്‍ ഓഡിറ്റിങ് നടത്തി മണല്‍ലഭ്യത ഉറപ്പുവരുത്തും. മണല്‍ക്കൊള്ള പൂര്‍ണമായി തടയാന്‍ ശിക്ഷാ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഓരോ ജില്ലയിലും മണല്‍റെയ്ഡിനുമാത്രം സ്ഥിരം സായുധ പോലീസിനെ വിനിയോഗിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഇത്തരം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കും.

ദേശീയ ജലപാതകളുടെ ആഴം കൂട്ടിയും ഡാമുകളില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മണലും നീക്കം ചെയ്തും കൂടുതല്‍ മണല്‍ലഭ്യത ഉറപ്പുവരുത്താനാവുമെന്ന് മന്ത്രി പറഞ്ഞു.



MathrubhumiMatrimonial