
ഗീതാദര്‍ശനം - 208
Posted on: 18 Apr 2009
ധ്യാനയോഗം
പ്രാപ്യ പുണ്യകൃതാം ലോകാന്‍
ഉഷിത്വാ ശാശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷേ്ടാ/ഭിജായതേ
യോഗഭ്രഷ്ടന്‍ പുണ്യലോകങ്ങളെ പ്രാപിച്ച് ചിരകാലം സസുഖം വാണ് ശുദ്ധമനസ്‌കരും ഐശ്വര്യമുള്ളവരുമായ ആളുകളുടെ ഗൃഹത്തില്‍ ജനിക്കുന്നു. ഗീത ജാതിവ്യവസ്ഥയെയും അന്ധവിശ്വാസങ്ങളെയും അംഗീകരിക്കുന്നതിനു തെളിവായി തത്പരകക്ഷികള്‍ ഈ പദ്യത്തെ ഉദ്ധരിക്കാറുണ്ട്. പുണ്യലോകങ്ങളെക്കുറിച്ചുള്ള പ്രസ്താവത്തെയും യോഗഭ്രഷ്ടന്‍ ജനിക്കാനിടയാകുന്ന അന്തരീക്ഷത്തെക്കുറിച്ചു പറയുന്നതിനെയും വളച്ചൊടിച്ചാണ് അര്‍ഥദോഷം സിദ്ധിപ്പിക്കുന്നത്.
ദേഹമില്ലാതെ നിലനില്ക്കാന്‍ രൂപനിര്‍മാണക്ഷേത്രത്തിന് കഴിയും എന്നോര്‍ത്താല്‍ ആ നിലനില്പിന്റെ 'ലോകങ്ങള്‍' ഏതെന്ന് തീര്‍ച്ചപ്പെടും. ഒരു സ്ഥൂലശരീരത്തെ ഉപേക്ഷിച്ച് മറ്റൊന്നിനെ നിര്‍മിച്ചെടുക്കുന്നതിനിടെ മോര്‍ഫോജനറ്റിക് ഇടനിലകളില്‍ സമതുലിതമായി നില്ക്കുന്ന അവസ്ഥ സങ്കല്പാതീതമല്ലല്ലോ.
പരാവിദ്യ പരിശീലിച്ച് വളരെ കുറച്ച് പുരോഗതിയേ നേടാനായുള്ളൂ എങ്കില്‍, ഒരു തേമാനവും വരാതെ രൂപനിര്‍മാണക്ഷേത്രത്തിലത് പതിയും. പരമാത്മാവില്‍ ലയിക്കാനുള്ള കോപ്പ് തികയാത്തതിനാല്‍ ആ രൂപനിര്‍മാണക്ഷേത്രം മറ്റൊരു സ്ഥൂലശരീരത്തെ നിര്‍മിച്ചെടുക്കുന്നു. പരമാത്മസ്പര്ശം സാധിക്കാനുള്ള ഉത്സാഹത്തിന് സഹായകമായ അന്തരീക്ഷമാണ് അത് സ്വാഭാവികമായും തിരഞ്ഞെടുക്കുന്നത്. ശുദ്ധമനസ്‌കരും ഐശ്യര്യമുള്ളവരുമായ ആളുകളുടെ സവിധത്തിലായാല്‍ കാര്യം എളുപ്പമായി. ഒരു പ്രത്യേകകുലത്തെയോ ജാതിയെയോ ദേശത്തെയോ പറ്റി പറയുന്നില്ലെന്നു ശ്രദ്ധിക്കുക.
പുണ്യം എന്നതിന് യജ്ഞഭാവനയോടെയുള്ള കര്‍മം എന്നേ സാരമുള്ളൂ. അത് ചെയ്തവര്‍ക്കാണ് പരമാത്മസ്വരൂപസംസര്‍ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. അശ്വമേധാദി യാഗങ്ങള്‍ ചെയ്തവരുടെ ലോകം (അവിപശ്ചിതരുടെ സ്വര്‍ഗലോകം) എന്ന് ഇവിടെ പറയുന്ന പുണ്യലോകത്തെപ്പറ്റി കരുതുന്നത് ഗീതയുടെ കാഴ്ചപ്പാടിന് നിരക്കില്ല. ഗീതയുടെ പ്രപഞ്ചവിജ്ഞാനീയത്തെയും (cosmology) ജീവപരിണാമത്തെയും (evolution) കുറിച്ചുള്ള കാഴ്ചപ്പാട് തിരിച്ചറിഞ്ഞാല്‍ ആശയക്കുഴപ്പം അപ്പാടെ നീങ്ങും.
(തുടരും)





