githadharsanam

ഗീതാദര്‍ശനം - 207

Posted on: 16 Apr 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


ശ്രീഭഗവാനുവാച:
പാര്‍ത്ഥ നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
നഹി കല്യാണകൃത് കശ്ചിത്
ദുര്‍ഗതിം താത ഗച്ഛതി
ശ്രീഭഗവാന്‍ പറഞ്ഞു-

അല്ലയോ അര്‍ജുനാ, അവന് (യോഗവിഘ്‌നം നേരിട്ടവന്) ഇവിടെ (ഈ ലോകത്തില്‍) നാശം (അധോഗതി) ഉണ്ടാകുന്നില്ല. പരലോകത്തും (അവന്) നാശം സംഭവിക്കില്ല. അല്ലയോ പുത്ര, (ലൗകികരീതിയില്‍ ലാളിച്ചുകൊണ്ടുള്ള സംബോധന) കല്യാണകൃത്തുക്കളില്‍ ഒരുവനും ദുര്‍ഗതിയടയുന്നില്ല, നിശ്ചയം.

(മംഗളസ്വരൂപമായ ബ്രഹ്മത്തെ സ്വാത്മാവുകൊണ്ട് ശരിയായി അറിയുന്നവന്‍ കല്യാണകൃത്ത്. 'പവിത്രമംഗലം പരം' എന്ന് പരബ്രഹ്മത്തിന് മംഗലസ്വരൂപം സ്മരിക്കപ്പെട്ടിരിക്കുന്നു).

ജനനത്തില്‍ തുടങ്ങി മരണത്തില്‍ അവസാനിക്കുന്ന ഒന്നാണ് ജീവിതം എന്നല്ല വേദാന്തമതം. ഒരു ജീവിയുടെ ഓരോ ജന്മവും ഒരു പരിണാമശൃംഖലയിലെ ഓരോ കണ്ണിയാണ്. മുന്‍പേ പോയ കണ്ണികള്‍ ഇപ്പോഴുള്ളതിനെ രൂപപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴുള്ളത് ഇനി ഉണ്ടാകാനിരിക്കുന്നതിനെ രൂപപ്പെടുത്തുന്നു. ക്ഷരപ്രപഞ്ചത്തിലെ സ്ഥൂലശരീരം അക്ഷരമെന്ന മാധ്യമത്തിലെ രൂപനിര്‍മാണക്ഷേത്രമെന്ന (Morphogenetic field)) സൂക്ഷ്മശരീരത്തിന്റെ പരാവര്‍ത്തനമാണ്. (പരമാണു മുതല്‍ മഹാപ്രപഞ്ചം വരെ എല്ലാറ്റിനും അടിസ്ഥാനമായി ഓരോ രൂപനിര്‍മാണക്ഷേത്രമുണ്ടെന്ന് പ്രസിദ്ധ ജീവശ്ശാസ്ത്രജ്ഞനായ റുപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് തന്റെ 'എ ന്യൂ സയന്‍സ് ഓഫ് ലൈഫ് (A New science of Life- Rupert Sheldrake- A Stonehill foundation publishing)) എന്ന ഗവേഷണഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നു. രൂപം നാശമായാലും രൂപനിര്‍മാണക്ഷേത്രം നാശപ്പെടുന്നില്ല. മറ്റൊരു രൂപം ആര്‍ജിക്കാന്‍ അതിനു കഴിയും). ആ ക്ഷേത്രത്തിന്റെ ചാലകശക്തി പരമാത്മസ്വരൂപമെന്ന കാരണശരീരവുമാണ്. കാരണശരീരം അക്ഷോഭ്യമാണ്. അക്ഷരമാധ്യമത്തിന്റെ ദൈ്വതഭാവം രൂപനിര്‍മാണക്ഷേത്രത്തില്‍ ദ്വന്ദ്വാധിഷ്ഠിതമായ അപൂര്‍ണതകള്‍ ഉളവാക്കുന്നു. ഇവ പരമാത്മാവിനെ മറയ്ക്കുമ്പോഴും പരമാത്മാവിനെ ആശ്രയിച്ച് സ്ഥൂലശരീരത്തിലൂടെത്തന്നെ രൂപനിര്‍മാണക്ഷേത്രത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ സാധിക്കുമാറാണ് മൊത്തം സംവിധാനം.

(തുടരും)



MathrubhumiMatrimonial