githadharsanam

ഗീതാദര്‍ശനം - 206

Posted on: 15 Apr 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


ഏതന്മേ സംശയം കൃഷ്ണ
ഛേത്തുമര്‍ഹസ്യശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യുപപദ്യതേ

കൃഷ്ണ, എന്റെ ഈ സംശയത്തെ കടയോടെ മുറിച്ചു നീക്കാന്‍ അങ്ങ് അര്‍ഹനാണ്. (ദയവായി അത് ചെയ്തു തരണമെന്ന് അപേക്ഷ). എന്തുകൊണ്ടെന്നാല്‍ അങ്ങല്ലാതെ ഈ സംശയത്തെ (സമൂലം) നിവാരണം ചെയ്യാന്‍ (യോഗ്യതയുള്ള) വേറെ ആരും ഇല്ല.
മൂന്നു തലങ്ങളില്‍ ഈ പദ്യത്തെ വായിക്കാം. കൃഷ്ണന്‍ അര്‍ജുനന്റെ സുഹൃത്തും കളിക്കൂട്ടുകാരനും വികൃതിത്തരങ്ങളുള്‍പ്പെടെ എല്ലാ ചേഷ്ടകള്‍ക്കും തുണയുമാണ്. ഇപ്പോള്‍ ജീവന്മരണ മഹായുദ്ധത്തില്‍ തേരാളിയായും ഇരിക്കുന്നു. അതിനാല്‍ അര്‍ജുനന്റെ എല്ലാ ആശങ്കകളും തീര്‍ക്കാന്‍ വേറെയാര്‍ക്കും ഇത്രയും കഴിവും അര്‍ഹതയുമില്ല.
ഗുരുശിഷ്യബന്ധത്തിന്റെ തലത്തില്‍ വേണം രണ്ടാമത്തെ വായന. സൗഹൃദവും വിശ്വാസവുമാണ് ഏതു ശിഷ്യനും ഗുരുവിനോട് വേണ്ടത്. കൃഷ്ണനോട് ഇതു രണ്ടും തികഞ്ഞ അവസ്ഥയിലാണ് അര്‍ജുനന്‍ എന്ന് തുടക്കത്തിലേ തെളിഞ്ഞിരിക്കുന്നു. മാനസികമായ അടുപ്പവും ഗുരുവിന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും വീണ്ടും പ്രകടമാകുന്നു.
തന്നിലെ ആത്മസ്വരൂപത്തോട് അര്‍ജുനന്‍ സംവദിക്കുന്നു എന്ന താത്ത്വികതലത്തില്‍ വായിച്ചാലും പ്രസ്താവം ശരിയാണ്. ജ്ഞാനസ്വരൂപമാണ് ആത്മാവ്. പരമമായ ആ വെളിച്ചത്തിനല്ലാതെ ഈ സംശയം തീര്‍ക്കാന്‍ ആര്‍ക്കാണാവുക?
(തുടരും)



MathrubhumiMatrimonial