ഇടനാടന്‍ കുന്നുകള്‍ പറയുന്നത്‌

Posted on: 15 Apr 2009

-ജോസഫ് ആന്റണി



ഇടനാടന്‍ കുന്നുകള്‍ ഇടിച്ചുനിരത്താനുള്ള വ്യഗ്രതയില്‍ നമ്മള്‍ കാണാതെ പോകുന്നത് എന്താണ്, അറിയാതെ അവസാനിക്കുന്നത് എന്തൊക്കെയാണ്. വെറുമൊരു മണ്‍കൂനയോ പാറക്കെട്ടോ മാത്രമാണോ കുന്നുകള്‍. അല്‍പ്പം ക്ഷമയോടെ നോക്കിയാല്‍ ആ കുന്നിന്‍ചരുവില്‍ എന്താണ് കാണുക. ഏതാനും ലോഡ് മണ്ണോ ചരലോകൊണ്ട് പകരം വെയ്ക്കാനാവാത്ത അമൂല്യമായ ഒരു ജിവലോകം, മഴയുടെയുടെയും വെള്ളത്തിന്റെയും വിശ്രമകേന്ദ്രം, പരിസരത്തെ ഭൂഗര്‍ഭ ജലവിതാനത്തെയാകെ പുഷ്ടിപ്പെടുത്തുന്ന വെള്ളത്തിന്റെ ഇടനിലം.

കുന്ന് ഇടിച്ചു നിരത്തുന്നതിന്റെ ഒരു ദൃശ്യം പോലും കാട്ടാതെ, ഇടനാടന്‍ കുന്നുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ എന്താണ് നമുക്ക് നഷ്ടമാകുന്നതെന്ന് കാട്ടിത്തരാന്‍ കഴിയുമോ. കഴിയുമെന്ന് 'കാനം' എന്ന ഡോക്യുമെന്ററി തെളിയിക്കുന്നു. കുന്നുകളുടെ അമൂല്യത മാത്രമല്ല ഈ ഡോക്യുമെന്ററി കാഴ്ചക്കാരന് മുന്നില്‍ വെളിപ്പെടുത്തുന്നത്. നമ്മുടെ പരിസരങ്ങളെ കരുതലോടെയും ക്ഷമയോടെയും നിരീക്ഷിച്ചാല്‍, എത്ര അമൂല്യമായ കാഴ്ചകളാകും നമുക്ക് മുന്നില്‍ തെളിയുകയെന്നും അത് പറഞ്ഞുതരുന്നു.

കണ്ണൂരിലെ 'സൊസൈറ്റി ഫോര്‍ ഇക്കോളജി ആന്‍ഡ് ആര്‍ട്‌സി'ന് വേണ്ടി ബാബു കാമ്പ്രത്ത് സംവിധാനം ചെയ്തതാണ് അരമണിക്കൂര്‍ നീളമുള്ള ഈ ഡോക്യുമെന്ററി. സൂരജ് തലശ്ശേരി ഛായാഗ്രാഹകന്‍. പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളും, മാറുന്ന ഋതുക്കളും, ഓരോ കാലത്തും കുന്നുകളുടെ ജീവലോകത്തിന് സംഭവിക്കുന്ന വ്യതിയാനങ്ങളുമെല്ലാം അങ്ങേയറ്റം സൂക്ഷ്മതയോടെ പകര്‍ത്തിയിരിക്കുകയാണ് ഈ ചിത്രത്തില്‍.

വസന്തത്തില്‍ വര്‍ണമേലാപ്പുമായി കുന്നില്‍ മുകളിലെത്തുന്ന കൊച്ചുപൂക്കാലവും, പാറപ്പരപ്പുകളില്‍ വളരുന്ന ഇരപിടിയന്‍ സസ്യങ്ങളുടെ കാഴ്ചയും, ചെറുവെള്ളച്ചാട്ടത്തിലൂടെ കുതറിക്കയറുന്ന ചെറുമത്സ്യങ്ങളെ പിടിച്ച് ശാപ്പിടുന്ന പമ്പും, മരങ്ങളില്‍നിന്ന് മരങ്ങളിലേക്ക് വലകെട്ടുന്ന മരച്ചിലന്തിയുമൊക്കെ തൊട്ടടുത്തുള്ള കാഴ്ചകളാണെന്ന് അത്ഭുതത്തോടെ നമ്മള്‍ തിരിച്ചറിയും. ജലപ്പരപ്പിന് മുകളില്‍ വട്ടമിടുന്ന തുമ്പികളെന്തിന് വെള്ളത്തില്‍ ഇടയ്ക്കിടെ വാല് മുട്ടിക്കുന്നു. മുട്ട വെള്ളത്തില്‍ നിക്ഷേപിക്കാനാണ് തുമ്പികള്‍ അങ്ങനെ ചെയ്യുന്നതെന്ന് എത്രപേര്‍ക്കറിയാം.

തുമ്പികള്‍ മാംസഭുക്കുകളാണെന്ന വിവരം നല്‍കുന്ന അമ്പരപ്പ് അവസാനിക്കും മുമ്പ്, കുഴിയാനത്തുമ്പികള്‍ നമുക്ക് മുന്നില്‍ മറ്റൊരു അത്ഭുതമായെത്തും. നീണ്ട തുമ്പികൈ നീട്ടി പൂന്തേന്‍ നുകരുന്ന ശരശലഭവും, പാറപ്പൂവിന്റെ ചെറിയ കൂട്ടങ്ങള്‍ നല്‍കുന്ന വലിയ അര്‍ഥതലങ്ങളും, തിത്തിരിപക്ഷികള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അപായ സൂചനയും.... തുമ്പയും കാക്കപ്പൂവും കാണാന്‍ സമയമോ സാഹചര്യമോ ഇല്ലാത്ത പുത്തന്‍ തലമുറയ്ക്ക് മുന്നിലേക്ക് തീര്‍ച്ചയായും എത്തിക്കേണ്ട കാഴ്ച തന്നെയാണ് ഈ ചിത്രം, ഭൂമിയെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സംരംഭം.

'കാനം' ഡോക്യുമെന്ററി സി.ഡി.രൂപത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 09744175258.
ഇ-മെയില്‍: sea.kannur@yahoo.com




MathrubhumiMatrimonial