githadharsanam

ഗീതാദര്‍ശനം - 205

Posted on: 15 Apr 2009


ധ്യാനയോഗം



കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷേ്ഠാ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി

അല്ലയോ മഹാപുരുഷ, വിമൂഢനായ അവന്‍ ആത്മസ്വരൂപത്തിലേക്കുള്ള മാര്‍ഗത്തില്‍ നിലയുറപ്പു കിട്ടാതെ രണ്ടില്‍നിന്നും പുറത്താക്കപ്പെട്ടവനായി ചിതറിയ മേഘംപോലെ നശിക്കയില്ലേ?

ഇത്തിരിവട്ടത്തിലുള്ളതുമാത്രം കണ്ടും കേട്ടും അറിഞ്ഞും ഇന്ദ്രിയസുഖങ്ങള്‍ അനുഭവിച്ചുംകഴിയുന്ന വാഴ്‌വ് ഒന്ന്, ആത്മസ്വരൂപദര്‍ശനത്തിലൂടെ നിത്യാനന്ദാവസ്ഥയില്‍ പുലരുന്ന വാഴ്‌വ് മറ്റൊന്ന്. ഇല്ലത്തുനിന്ന് പുറപ്പെട്ടാല്‍ അമ്മാത്തെത്തണം. ഇല്ലെങ്കില്‍ രണ്ടുമില്ലാതാവും. മറ്റൊരു താവളം ഇല്ലതാനും. രണ്ടുതോണിയിലും കാലിട്ടാല്‍ എന്തുണ്ടാകുമെന്ന് പറയേണ്ടല്ലോ. ചിതറിയ മേഘത്തിന് ആകാശത്തൊരിടത്തും സ്ഥിരമായ നില്പില്ല, അത് മഴയായി പൊഴിഞ്ഞ് സായൂജ്യമടയുന്നുമില്ല. കഷ്ടമാണ് അതിന്റെ ഗതിയും സ്ഥിതിയും. ഇതുതന്നെയാണോ യോഗഭ്രഷ്ടന്റെയും തലവിധി എന്നാണ് ന്യായമായ സംശയം.


(തുടരും)



MathrubhumiMatrimonial