
ഗീതാദര്‍ശനം - 204
Posted on: 14 Apr 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
അര്‍ജുന ഉവാച-
അയതിഃ ശ്രദ്ധയോപേതഃ
യോഗാച്ചലിതമാനസഃ
അപ്രാപ്യ യോഗസംസിദ്ധിം
കാം ഗതിം കൃഷ്ണ ഗച്ഛതി
അര്‍ജുനന്‍ പറഞ്ഞു-
അല്ലയോ കൃഷ്ണാ, ശ്രദ്ധയോടുകൂടി യോഗത്തില്‍ പ്രവേശിച്ചതില്‍പ്പിന്നെ (അതിനെ പൂര്‍ത്തിയാക്കുന്നതിന്) പ്രയത്‌നനം വേണ്ടുംവണ്ണം ചെയ്യാതെ യോഗത്തില്‍നിന്ന് വ്യതിചലിച്ച മനസ്സോടുകൂടിയവന്‍ യോഗഫലം നഷ്ടപ്പെട്ട് ഏതുവഴി പോകുന്നു?
അങ്ങുമിങ്ങുമല്ലാതെ ത്രിശങ്കുവിലായിപ്പോകുമോ എന്ന സംശയം പ്രസക്തമാണ്. കാരണം, പതഞ്ജലി യോഗസൂത്രത്തില്‍ പറയുന്ന ഒമ്പത് ദോഷങ്ങളും (സൂത്രം 30) ഗീത നിര്‍ദേശിക്കുന്ന യോഗം അഭ്യസിക്കുന്നവരെയും ബാധിച്ചേക്കാം. വ്യാധി അഥവാ രോഗം, സ്ഥാന്യം (ഉത്സാഹപൂര്‍വം തുടങ്ങിയതിന്റെ മുടക്കം-ആരംഭശൂരത്വം), സംശയം (ശരിയാണോ ചെയ്യുന്നത്, ഫലമുണ്ടാകുമോ എന്നൊക്കെയുള്ള ഈഷലുകള്‍), പ്രമാദം (ഇത്രയായിട്ടും ഫലം കാണുന്നില്ലല്ലൊ, ഇനി ഉപേക്ഷിച്ചേക്കാം എന്ന തീരുമാനം). ആലസ്യം (ഇരുളില്‍ നിന്നും ഇരുളിലേക്കുള്ള തളര്‍ന്നുവീഴ്ച). അവിരതി (തെറ്റാണെന്നറിഞ്ഞാലും അതില്‍നിന്ന് മനസ്സിനെ തടയാന്‍ കഴിയായ്ക), ഭ്രാന്തിദര്‍ശനം (അസത്യം സത്യമാണെന്ന ബോധ്യം), അലബ്ധഭൂമിക (എന്തു ചെയ്തിട്ടും ഇനി ഒരു പ്രയോജനവുമില്ല എന്ന നിരാശയുടെ നിലപാടുതറ), അനവസ്ഥിതത്വം (എവിടെയുമുറയ്ക്കാതെ അസ്വസ്ഥമായ- കാറ്റില്‍ പറന്നു നടക്കുന്ന മേഘത്തിന്റെ- അവസ്ഥ) എന്നിവയാണ് ആ ദോഷങ്ങള്‍. അതിനാല്‍, ആയാലൊരു തെങ്ങാണെന്ന അറിവിന്റെകൂടെ അഥവാ പോയാലെന്തെന്നുകൂടി മനസ്സിലാക്കിയിട്ടുവേണ്ടേ ഏതുതരം തെങ്ങുകൃഷിക്കുമിറങ്ങാന്‍?
(തുടരും)





