
ഗീതാദര്‍ശനം - 203
Posted on: 13 Apr 2009
ധ്യാനയോഗം
അസംയതാത്മനാ യോഗഃ
ദുഷ്പ്രാപമിതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോശവാപ്തുമുപായതഃ
മനോനിയന്ത്രണമില്ലാത്തവന് യോഗത്തെ പ്രാപിക്കുക സാധ്യമല്ലെന്നാണ്എന്റെ അഭിപ്രായം. എന്നാല്‍ മനോനിയന്ത്രണമുള്ള പ്രയത്‌നനശാലിക്ക് (മുന്‍പറഞ്ഞ) ഉപായങ്ങളിലൂടെ അതിനെ പ്രാപിക്കാന്‍ കഴിയും.
വരുതിയിലല്ലാത്ത മനസ്സ് എപ്പോഴും ആശിക്കയും പേടിക്കയും സംശയിക്കയും ചെയ്യുന്നു. ഇതേ മനസ്സുതന്നെയാണ് 'ഞാന്‍ ഉപേക്ഷിക്കുന്നു', 'ഞാന്‍ ഭയക്കുന്നില്ല', 'എന്റെ സംശയങ്ങള്‍ നീങ്ങി' എന്നെല്ലാം നിശ്ചയിക്കുന്നതും. ഈ ഭാവാന്തരം പൂര്‍ണമാകുന്നത് ആത്മാവിന്റെ ഉണ്മ അറിയുമ്പോഴാണ്. ആ അറിവുള്ള ആള്‍ സംയതാത്മാവ്. അതില്ലാത്തവര്‍ക്ക് യോഗത്തെ പ്രാപിക്കാന്‍ പറ്റില്ല. കാരണം, സംശയിച്ചും ഭയന്നും 'വേറിട്ടു' നില്‍ക്കുമ്പോള്‍ എന്നിലെ ഞാന്‍ ഉള്ളിലെ ഉണ്മയുമായി എങ്ങനെ യോജിക്കാന്‍?
തനിക്കും ഈശ്വരനുമിടയിലുള്ള മായാമറയെ നീക്കിയാല്‍ അഭ്യാസവൈരാഗ്യങ്ങളിലൂടെ യോഗത്തെ പ്രാപിക്കാം. എങ്ങനെയെന്നാല്‍, സമസൃഷ്ടികളില്‍ തോന്നുന്ന പ്രേമത്തെത്തന്നെ അഹങ്കാരമയമായ വാസനകളില്‍ നിന്ന് മോചിപ്പിച്ചാല്‍ ആ പ്രേമം പരമപ്രേമമായ ഭക്തിയായി മാറും. ലൗകികമായ രതിയെ ദൈവികമായ രതിയായി ഉയര്‍ത്താമെന്ന് പ്ലാറ്റോയും സെയിന്റ് അഗസ്റ്റിനും പറയുന്നു. ക്രിസ്തീയ സുവിശേഷങ്ങളിലും വിശുദ്ധ ഖുര്‍-ആനിലും ജീവന്റെ സമുത്ഥാനത്തിനായി എടുത്തു പറയുന്ന വഴി ദൈവസ്നേഹം തന്നെയാണ്.
പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളും തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന സ്ഥാനാര്‍ഥികളും അരങ്ങേറ്റത്തിനൊരുങ്ങുന്ന കലാകാരന്മാരും കണ്ടെത്തലുകളിലേക്ക് നീങ്ങുന്ന ശാസ്ത്രജ്ഞരും ഒരുപാട് പ്രാപഞ്ചിക സുഖങ്ങള്‍ ഒഴിവാക്കാറില്ലേ? ആത്മസ്പര്‍ശം എന്ന ലക്ഷ്യം ഇതിലൊക്കെ വലുതാണല്ലോ. പക്ഷേ, കളി മുടക്കിയതുകൊണ്ടോ സിനിമ കാണാതിരുന്നതുകൊണ്ടോ മാത്രം വിദ്യാര്‍ഥി പരീക്ഷ ജയിക്കില്ല. അതുപോലെ, ശരീരത്തിന്റെ ആവശ്യങ്ങളൊക്കെ നിഷേധിച്ച് സ്വയം ശിക്ഷിച്ചതുകൊണ്ടായില്ല. ഉപായങ്ങള്‍ ശരിയായിരിക്കണം.
'മാനുഷികാവസ്ഥയല്ലെ, എല്ലാം ശരിയായാലും യോഗാഭ്യാസം മുടങ്ങാന്‍ സാധ്യതയില്ലെ? ' എന്ന ശങ്ക ശേഷിക്കുന്നു. രോഗം മുതല്‍ അകാലമരണം വരെ വിഘ്‌നങ്ങളാകാമല്ലോ. അഭ്യാസം ഇടയ്ക്കുവെച്ച് മുടങ്ങിയ ആളുടെ ഗതി എന്താണ് ?
(തുടരും)





