
ഗീതാദര്‍ശനം - 202
Posted on: 12 Apr 2009
ധ്യാനയോഗം
ശ്രീഭഗവാനുവാച-
അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ
ശ്രീഭഗവാന്‍ പറഞ്ഞു-
ശക്തനായ അര്‍ജുനാ, നിയന്ത്രിക്കാന്‍ പ്രയാസമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, അല്ലയോ കുന്തീപുത്രാ, അതിനെ അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും പിടിച്ചുനിര്‍ത്താവുന്നതാണ്.
(സംബോധനകളുടെ താത്പര്യം: ശക്തരായവര്‍ക്ക് ശത്രുക്കളെ ജയിക്കാന്‍ എന്ത് പ്രയാസം? വിശിഷ്ടരായ പോരാളികള്‍ അന്വേഷിക്കേണ്ടത് പ്രബലരായ ശത്രുക്കളെയല്ലേ? ജയിക്കാന്‍ പ്രയാസമുള്ള പോരില്‍ മുന്‍നടക്കേണ്ടത് ക്ഷമയാണ്. നീ ക്ഷമയുടെ അവതാരമായ കുന്തിയുടെ മകനാണല്ലോ).
ശിഷ്യന്റെ സംശയത്തിന്റെ പ്രസക്തി അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചതില്‍പ്പിന്നെ ശ്ലോകത്തിന്റെ രണ്ടാംപാതിയില്‍ മനസ്സുമായുള്ള അങ്കം ജയിക്കാന്‍ വേണ്ട വിദ്യകളെപ്പറ്റി പറയുന്നു. അഭ്യാസവും വൈരാഗ്യവുമാണ് ആ വിദ്യകള്‍. കുളത്തിലെ ചണ്ടി കുറച്ചെങ്കിലും മാറ്റിയാല്‍ ശുദ്ധജലം കാണാം. പക്ഷേ, താമസിയാതെ ചണ്ടി വീണ്ടും മൂടിയിരിക്കും. വീണ്ടും വാരിക്കളയുക. അങ്ങനെയങ്ങനെ കുറേ കഴിയുമ്പോള്‍ ചണ്ടി നിശ്ശേഷം നീങ്ങിക്കിട്ടും. ഇതുതന്നെ അഭ്യാസമെന്നതിന് അര്‍ഥം.
രാഗം എന്നാല്‍ നിറം. അറിവില്ലായ്മ കാരണം മനസ്സില്‍ പല അഭിനിവേശങ്ങളുടെയും നിറങ്ങള്‍ പുരളുന്നു. എല്ലാം ഈശാവാസ്യമെന്ന പ്രജ്ഞാനത്തിന്റെ സുദര്‍ശനചക്രംകൊണ്ട് നിവാരണം ചെയ്യണം. ആധുനിക മനശ്ശാസ്ത്രപ്രകാരമാണെങ്കില്‍ മനസ്സിലുണ്ടാകുന്ന ഇളക്കങ്ങളെല്ലാം സാംബന്ധികങ്ങളാണ് (conditioned). അവയെ നിരുപാധികവും നിരപേക്ഷവും ആക്കുമ്പോള്‍ (de-conditioned) മനസ്സ് രാഗമുക്തമാവും. അതുതന്നെ വൈരാഗ്യം.
ക്ഷമയോടെ ശരിയായ രീതിയില്‍ പരിശ്രമിച്ചാല്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്താം. ആത്മനിയന്ത്രണമാണ് നിര്‍ണായകം. അതുണ്ടാക്കാന്‍ നോക്കിയില്ലെങ്കില്‍ കാര്യം നടപ്പില്ല. ഇന്ദ്രിയസുഖാനുഭവങ്ങള്‍ മടുത്ത് വൈരാഗ്യം വന്നിട്ട് അഭ്യാസം തുടങ്ങാം എന്നു വിചാരിക്കാതെ അഭ്യാസം ആദ്യം തുടങ്ങുക, വൈരാഗ്യം പിറകെ വന്നോളും.
(തുടരും)





